scorecardresearch
Latest News

കേരളത്തിൽ ചൂട് കൂടുന്നു; രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏൽക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക

delhi weather, delhi temperature, ഡൽഹി, ചൂട്, തപനില, delhi highest temperature, delhi heat, delhi weather news, heat wave, monsoons, indian express

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് വേനൽ കനക്കുന്നു. രാജ്യത്തെ ഏറ്റവും ചൂട് കൂടിയ പട്ടണങ്ങളിലൊന്നായി കോട്ടയം മാറി. പകൽ സമയത്ത് പലയിടത്തും 34 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്തവണ ശരാശരി താപനിലയേക്കാൾ 2.8 ഡിഗ്രി ചൂട് കൂടുതലാണെന്നും മുൻ വർഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയർന്നിട്ടില്ലെന്നുമാണ് കാലാവസ്ഥ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. സാധാരണ മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പാലക്കാട് ജില്ലയിൽ അടക്കം താപനില 40 കടക്കാറുള്ളത്.

കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിക്കുന്നു.

സുരക്ഷാ മുന്നറിയിപ്പ്

-പൊതുജനങ്ങള്‍ രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

-നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

-പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

-ORS, ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.

-അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

-ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്; എല്ലാ ജില്ലകളിലും പുതിയ രോഗബാധകൾ അഞ്ഞൂറിൽ താഴെ

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷ്ണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.

-ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

-മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സുമനസ്‌കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

-യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

-നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പുറം വാതിൽ ജോലിയിൽ ഏർപ്പെടുന്നവരും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

-PSC പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം.

-ക്ലാസുകൾ ആരംഭിച്ച വിദ്യഭാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.

-നഗരങ്ങളിൽ തണലുള്ള പാർക്കുകകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതു ഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽ സമയങ്ങളിൽ തുറന്ന് കൊടുക്കണം. യാത്രയിൽ ഏർപ്പെടുന്നവരും മറ്റ് ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരും കൃത്യമായ ഇടവേളകളിൽ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നല്കാൻ ശ്രമിക്കണം.

-തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ഉറപ്പു വരുത്തണം.

-ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.

-മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

-പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

-കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

-തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

-അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

-സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയിൽ പെട്ടാൽ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.

-കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather temperature hike sooryathapam