Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതിനെതുടർന്ന് സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് താരതമ്യേന മഴയുടെ അളവ് കുറവായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ (ഓഗസ്റ്റ് ഒന്ന്) യെല്ലോ അലർട്ടാണ്. ഓഗസ്റ്റ് രണ്ട് (മറ്റന്നാൾ) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് മുന്നറിയിപ്പുകൾ മാറ്റമുണ്ടാകും.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read Also: പുകവലിക്കുന്നത് കോവിഡ് ഭീഷണിയെ വർധിപ്പിക്കുന്നത് എങ്ങനെ?: ഡോക്ടർമാർ പറയുന്നു

ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 31, ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

ഓഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളിൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ദുരിതാശ്വാസ ക്യാംപുകൾക്കായി കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read Also: ശാഖയിൽ പോയിട്ടുണ്ട് 15 വയസുവരെ, തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്തി: എസ്.രാമചന്ദ്രൻപിള്ള

അപകടസാധ്യത മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം

അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും. ആയതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ്ണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്. രാത്രി സമയങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ട് കൊണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവർക്ക് ക്യാംപുകൾ സജ്ജീകരിച്ച് ആളുകളെ അറിയിക്കേണ്ടതും പകൽ സമയത്ത് തന്നെ ക്യാംപുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

ജൂലെെ 31 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 1.8 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook