Kerala Weather: തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്നതിനൊപ്പം ന്യൂനമർദവും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കഴിഞ്ഞ മണിക്കൂറുകളിലും ണിക്കൂറുകളിലും കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ 14 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. വയനാട് ജില്ലയിലെ വൈത്തിരിയിൽ 13 സെന്റിമീറ്ററും മൂന്നാർ, മാനന്തവാടി എന്നിവിടങ്ങളിൽ 12 സെന്റിമീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സമാനകാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 3, 4, 5, 6, 7 തിയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ന്യൂനമർദം രൂപപ്പെട്ടു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപകൊണ്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെ എട്ടരയോടെയാണ് ബംഗാൾ ഉൾക്കടലിന്റെ വടക്കു ഭാഗത്തായി ശക്തി കുറഞ്ഞ ന്യൂനമർദം രൂപംപ്രാപിച്ചത്. വരുംമണിക്കൂറുകളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. ന്യൂനമർദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുമോ എന്ന കാര്യത്തിൽ മുന്നറിയിപ്പൊന്നും ഇല്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലടക്കം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 7-ാം തിയതി വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*2020 ഓഗസ്റ്റ് 4 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 8 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

rain, weather, ie malayalam

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും. ഈ സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുപുറമെ അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ് 4 : ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും

കക്കയം ഡാമിൻറെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ 751.88മി ആണ് ഡാമിലെ ജലനിരപ്പ്. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷട്ടറുകൾ തുറന്നാൽ പുഴയിൽ 100 സെൻറീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അതേസമയം കബനി റിസർവോയറിൽനിന്ന് ഒഴുക്കി വിടുന്ന ജലം 30,000 ക്യുസെക് ആയി വർധിച്ചു.

ജാഗ്രത…

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ നിലവിൽ 30 സെന്റീമീറ്ററും മൂന്നാമത്തെ ഷട്ടർ 50 സെന്റീമീറ്ററും ഉയർത്തിയിട്ടുണ്ട്. രണ്ടാമത്തെ ഷട്ടർ രാത്രി10.30 ന് 30 സെന്റീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2020 ജൂലൈ 03, സമയം 10.22 PM)

*പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ*

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
  • ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ //sdma.kerala.gov.in/…/uplo…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ //sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

*മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം*

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല

കേരള,കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല

പ്രത്യേക ജാഗ്രതാ നിർദ്ദേശം

04-08-2020 മുതൽ 08-08-2020 വരെ : കേരള,കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗോവ എന്നീ തീരങ്ങളിലും കൂടാതെ തെക്ക് പടിഞ്ഞാറ്, മധ്യ കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

04-08-2020 മുതൽ 05-08-2020 വരെ : മധ്യ ബംഗാൾ ഉൾക്കടലിലും തെക്ക് ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

*ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്*

05/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

 

 

 

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook