തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലക്ഷദ്വീപിലും ശക്തമായ മഴ പെയ്തേക്കും.

മേയ് 2, 3, 4 തീയതികളിലും മഴയ്ക്ക് സാധ്യതയുണ്ട്. രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലയിലും മൂന്നാം തീയതി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തമിഴ്നാട്, കേരള തീരത്ത് അടുത്ത 12 മണിക്കൂറിനുളളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണം.

Read: ‘ഫാനി’ എങ്ങനെ ‘ഫോനി’ ആയി? ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിങ്ങനെ

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പാലക്കാട് അട്ടപ്പാടിയില്‍ വ്യാപക കൃഷിനാശമുണ്ടായി. ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ അന്‍പതിലേറെ കര്‍ഷകരുടെ പതിനായിരത്തിലധികം വാഴകൃഷിയാണ് ഇല്ലാതായത്. കോട്ടത്തറ, ചെമ്മണ്‍പടിക, കളളക്കര പ്രദേശത്തെ നേന്ത്രവാഴകൃഷി പൂര്‍ണമായും ഇല്ലാതായി. കുലയ്ക്കാറായതും കുല വീണതുമായ വാഴകളാണ് നശിച്ചവയിൽ മിക്കതും.

അതേസമയം, ഭീതി പരത്തിയ ഫോനി ചുഴലിക്കാറ്റ് കേരള തീരത്തുനിന്നും അകന്നു. ചുഴലിക്കാറ്റ് ഒഡീഷയെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഒഡീഷയിലെ 14 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ചയോടെ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. തീവ്ര ചുഴലിക്കാറ്റായി ഫോനി മാറിയിരിക്കുകയാണെന്ന് ഐഎംഡി അഡീഷണൽ ഡയറക്ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു.

fani, fani cyclone, ie malayalam

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഫോനി തീവ്രതയാർജിക്കുന്ന സാഹചര്യത്തില്‍ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിപ്പോൾ നീക്കിയിട്ടുണ്ട്.

തിങ്കളാഴ്ച വലിയതുറ മുതൽ അഞ്ചുതെങ്ങ് വരെയുളള തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ടായിരുന്നു. വലിയതുറയിൽ തീരത്തുണ്ടായിരുന്ന രണ്ടു നിരയിലുള്ള വീടുകൾ പൂർണമായും തകർന്നു. മൂന്നു നിരയിലുള്ള വീടുകളുടെ പകുതിയോളം കടൽക്ഷോഭത്തിൽ തകർന്നിട്ടുണ്ട്. അവ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മേയ് മാസം പകുതിയോടു കൂടി ഇതിലും ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നാണ് തീരദേശ വാസികൾ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook