Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ അജാനൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ 15, 16 വാർഡുകളിൽപെടുന്ന കൊളവയൽ, ഇട്ടമ്മൽ പ്രദേശങ്ങളിലെ വീടുകളിലാണ്​ വെള്ളം കയറിയത്​.

Read Also: എൻഐഎയിൽ വിശ്വാസമുണ്ട്; തെളിവെടുപ്പിനിടെ സന്ദീപിന്റെ നാടകീയ പ്രതികരണം

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

*2020 ജൂലൈ 19 : ഇടുക്കി, മലപ്പുറം.*

*2020 ജൂലൈ 20 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.*

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം

അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നാളെ (ജൂലെെ 19) രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള  തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം തുടങ്ങിയവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

Read Also: കുസൃതി കാട്ടി കുഞ്ഞുമറിയം, പടം പിടിച്ച് മമ്മൂട്ടി; വൈറലാവുന്ന ചിത്രങ്ങൾ

ജൂലെെ 22 വരെയുള്ള ദിവസങ്ങളിൽ കര്‍ണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ അറബിക്കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ആയതിനാല്‍ ജൂലെെ 22 വരെയുള്ള കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറി അറിയിച്ചു. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook