Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ വെള്ളിയാഴ്‌ച വരെ മഴ തുടർന്നേക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരയിൽ പ്രവേശിച്ചു ശക്തി കുറഞ്ഞു തുടങ്ങി. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ദുർബലമാകും. നിലവിൽ തെലങ്കാനയ്‌ക്ക് മുകളിലുള്ള തീവ്രന്യൂനമർദം കരയിൽ കൂടി സഞ്ചരിച്ചു അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യത. ഒക്ടോബർ 15/16 ഓടെ തെക്കൻ ഗുജറാത്തിനും വടക്കൻ കൊങ്കൺ തീരത്തിനും ഇടയിൽ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തുടരുന്നു. കേരളത്തിലും ലക്ഷദ്വീപിലും വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിക്കുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബർ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒക്ടോബർ 15 വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും 16ന് ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 7 മുതൽ 11സെന്റിമീറ്റർ മഴയാണ് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ഓറഞ്ച് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

2020 ഒക്ടോബർ 14: ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

2020 ഒക്ടോബർ 15: തൃശൂർ, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

ഇത്തവണ ശെെത്യം കടുത്തേക്കും

ദുർബലമായ ‘ലാ നിന’ സാഹചര്യം പസിഫിക് സമുദ്രത്തിൽ നിലനിക്കുന്നതിനാൽ ഇത്തവണ ശൈത്യകാലത്തു കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ.മോഹ്പാത്ര. ഇന്ത്യയിൽ ഓരോ വർഷവും 2,000 കൂടുതൽ ആളുകൾ തണുപ്പ് മൂലം മരിക്കുന്നു. ഇത്‌ ഉഷ്‌ണ തരംഗത്തിൽ മരണമടയുന്നവരേക്കാൾ കൂടുതൽ ആണ്. അന്തരീക്ഷ മലിനീകരണം കൂടുമ്പോൾ തണുപ്പ് കൂടാൻ സാധ്യത വർധിക്കുമെന്നും ആഗോള താപനം, കാലാവസ്ഥയിൽ ഉണ്ടാകുന്ന അസ്ഥിരതയും ഇതിനു കാരണമാകുന്നുവെന്നും മുൻ കാലാവസ്ഥ വകുപ്പ് മേധാവി ഡോ.എൽ.എസ്.രത്തോർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘Cold wave Risk Reduction’ വെബിനാറിൽ സംസാരിക്കുകയായിരുന്നു.

പോത്തുണ്ടി ഡാം വ്യാഴാഴ്ച തുറക്കും

പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ വ്യാഴാഴ്ച (ഒക്ടോബർ 15 ) രാവിലെ എട്ടിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 14) രാത്രി ഏഴിന് 106.99 മീറ്റർ എത്തിയ സാഹചര്യത്തിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലുമാണിത്.  നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 108.204 മീറ്ററാണ്.

വാഴാനി ഡാം തുറക്കാൻ അനുമതി

നീരൊഴുക്ക് കൂടി ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ വാഴാനി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. ജില്ലയിൽ താരതമ്യേന നല്ല മഴ പെയ്യുന്ന സാഹചര്യത്തിൽ പകൽസമയത്ത് മാത്രം അധികജലം തുറന്നുവിട്ട് ജലനിരപ്പ് 61.88 മീറ്ററായി നിലനിർത്താനാണ് ഉത്തരവ്. ഇതുമൂലം വടക്കാഞ്ചേരി പുഴയിൽ ജലനിരപ്പ് ഉയരാനിടയുള്ളതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 61.87 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണ ശേഷി. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ 98.28 ശതമാനം വെള്ളമുണ്ട്.

ജാഗ്രത നിർദേശം

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
  • ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ
    എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

– ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

പൊതു നിര്‍ദ്ദേശങ്ങള്‍

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

– ജനലും വാതിലും അടച്ചിടുക.

– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

– പട്ടം പറത്തുവാൻ പാടില്ല.

– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

കഴിഞ്ഞ 24 മണിക്കൂറിൽ പരമാവധി താപനില കണ്ണൂരിൽ മാത്രമാണ് ഉയർന്നത്. കേരളത്തിൽ മറ്റിടങ്ങളിൽ കാര്യമായ മാറ്റമില്ല. ആലപ്പുഴയിലും പുനലൂരിലുമാണ് കഴിഞ്ഞ മണിക്കൂറുകളിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 32 ഡിഗ്രി സെൽഷ്യസ്. വെള്ളനിക്കരയിൽ ഏറ്റവും താഴ്ന്ന താപനിലയും രേഖപ്പെടുത്തി, 22 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

*കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.*
കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
*പ്രത്യേക ജാഗ്രത നിർദ്ദേശം*
*14-10-2020* : കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
*13-10-2020 & 14-10-2020* :കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധന

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook