scorecardresearch

Kerala Weather: ശക്തമായ ഇടിമിന്നലിന് സാധ്യത, മുന്നറിയിപ്പ്

Kerala Weather: ഇന്നലെ രാത്രി സംസ്ഥാനത്ത് പലയിടത്തും ശക്തമായ ഇടിമിന്നലുണ്ടായി. വരുംദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു

Bihar UP Lighting Rain

Kerala Weather: തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത. നവംബർ എട്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി സംസ്ഥാനത്ത് പലയിടത്തും ശക്തമായ ഇടിമിന്നലും ഇടിവെട്ടുമുണ്ടായി. വരുംദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം ജില്ലയിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരുംദിവസങ്ങളിൽ സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കും. ബംഗാൾ ഉൾകടലിൽ കിഴക്കൻ കാറ്റ് പതിയെ ശക്തി പ്രാപിക്കാൻ തുടങ്ങി. ഇത് തുലാവർഷ കാറ്റിന് തെക്കേ ഇന്ത്യയിൽ ശക്തി പ്രാപിക്കാൻ അനുകൂല സാഹചര്യമൊരുക്കാൻ സാധ്യത.

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തെ താപനിലയിൽ കാര്യമായ മാറ്റമില്ല. കുറഞ്ഞ താപനില സാധാരണ നിലയിൽ തന്നെ സംസ്ഥാനത്ത് തുടർന്നു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കുക.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്‌പർശിക്കാതെ ഇരിക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

പട്ടം പറത്തുവാൻ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.

വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം

 

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather 2020 november 5 thiruvanathapuram kozikkode kochi