Kerala Weather: വടക്ക് കിഴക്കൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായിരുന്നെങ്കിലും ബുറേവി ചുഴലിക്കാറ്റിന്റെ ആഘാതം കേരളത്തിലുമുണ്ടാകും. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചില ഭാഗങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ കൊല്ലങ്ങോടാണ്, 1.4 സെമി.

അതേസമയം ‘ബുറേവി’ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ മാറ്റം. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്നാട് തീരത്തിന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയാണ് ബുറെവി ചുഴലിക്കാറ്റുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകും.

ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

തീവ്രമായ കാറ്റത്ത് മരങ്ങൾ വീണും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനിടയുണ്ട്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപത്തേക്ക് പോകരുത്. ആരെയും പോകാനനുവദിക്കുകയുമരുത്. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അതത് സെക്ഷൻ ഓഫീസിലോ അറിയിക്കുക.

2020 ഡിസംബര്‍ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.

വ്യാഴാഴ്ച രാത്രി ഏഴുമണിക്കും 10 മണിക്കും ഇടയിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്

2020 ഡിസംബർ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

2020 ഡിസംബർ 3, 4 തീയതികളിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 2020 ഡിസംബർ 5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബർ 6 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കുക

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്. കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  • ക്യാമ്പിലേക്ക് മാറിത്താമസിക്കേണ്ട അവസരത്തിൽ മരുന്നും കുടിവെള്ളവുംനിർബന്ധമായും കരുത്തേണ്ടതാണ്.
  • ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാൽ ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരും മുകളിൽ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.
  • കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ 2 നോട്‌ കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
  • സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ 1077 എന്ന നമ്പറിൽ വിളിച് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
  • ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
    കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

  • ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കുക.
  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • ജനലും വാതിലും അടച്ചിടുക.
  • ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  • ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
  • കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  • വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്‌പർശിക്കാതെ ഇരിക്കണം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
  • പട്ടം പറത്തുവാൻ പാടില്ല.
  • തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
  • വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook