ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ ആറിന് എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. മൻസൂണുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ രണ്ടാം റിപ്പോർട്ടിലും കേരളത്തിൽ മഴ ജൂൺ ആറിന് എത്തുമെന്ന് പറയുന്നു. വേനൽ മഴ കൃത്യമായി ലഭിക്കാത്തതിനാൽ കേരളം വരൾച്ചയിലേക്ക് നീങ്ങുന്നതിനിടെയാണ് കാലവർഷം എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്നായിരുന്നുരാജ്യത്തെ ഒരേയൊരു സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റിന്റെ റിപ്പോർട്ട്. എന്നാൽ രണ്ട് ദിവസം കൂടി വൈകി മാത്രമേ കാലവർഷം എത്തുകയുള്ളു.
തെക്കൻ മുനമ്പിൽ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ എട്ട് ശതമാനത്തിന്റെ കുറവോ വർധനവോ ഉണ്ടാകാം. വേനൽ മഴയിൽ 55 ശതമാനത്തിന്റെ കുറവാണ് ഇത്തവണ സംസ്ഥാനത്തുണ്ടായത്. ഇത് കർഷകർക്ക് ഉൾപ്പടെ വലിയ തിരിച്ചടിയായിരുന്നു.
മേയ് 18ന് കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. മേയ് 29 ഓടെ മാലിദ്വീപ് കന്യാകുമാരി തീരങ്ങളിലും എത്തിയ കാലവർഷം അടുത്ത 72 മണിക്കൂറിൽ ശക്തിപ്രാപിച്ച് അറബികടലിന്റെ തെക്കൻ തീരങ്ങളിലെത്തും. അങ്ങനെയെങ്കിൽ കൃത്യം ആറിന് തന്നെ കേരളത്തിലും കാലവർഷം ആരംഭിക്കും. രാജ്യത്താകമാനം സാധാരണതോതിൽ മഴലഭിക്കും. ദീർഘകാല ശരാശരിയുടെ 96 മുതൽ 104 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്.
Also Read: Kerala Weather: കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത, കൊല്ലം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം ജില്ലയിലെ വർക്കല, ആലപ്പുഴ ജില്ലയിലെ കായംകുളം, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും കോട്ടയം ജില്ലയിലെ വൈക്കത്ത് 1 സെന്റിമീറ്ററും മഴ ലഭിച്ചു. ഇന്നു കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
മേയ് 31 മുതൽ ജൂൺ 4 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ ഒന്നിന് കേരളത്തിലെ ചില ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.