തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മൺസൂൺ കാലത്ത് 14 ശതമാനം അധിക മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് ലഭിച്ചത് 215 സെന്റിമീറ്റർ മഴയാണ്. ഈ കാലയളവിൽ പ്രതീക്ഷിച്ചിരുന്നത് 189 സെന്റിമീറ്റർ മാത്രം മഴയാണ്. എന്നാൽ മൺസൂണിന്റെ അവസാന ഘട്ടമായ ഇനി മഴയുടെ അളവ് കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

നാല് ജില്ലകളിൽ പ്രതീക്ഷിച്ചതിനേക്കാൾ അധികം മഴ ലഭിച്ചു. പാലക്കാട് ജില്ലയിൽ മാത്രം 42 ശതമാനം അധിക മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 334 സെന്റിമീറ്റർ. മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് മഴ കൂടുതല്‍ കിട്ടിയ മറ്റ് മൂന്ന് ജില്ലകള്‍. കോഴിക്കോടിന് പുറമെ കണ്ണൂർ, കാസർകോട് ജില്ലകളിലും മഴയുടെ അളവ് മുന്നൂറ് സെന്റിമീറ്ററിന് മുകളിലായിരുന്നു. കോഴിക്കോട് 37, മലപ്പുറത്ത് 23 കണ്ണൂരില്‍ 20 ശതമാനം വീതം അധികം മഴ ലഭിച്ചു.

Also Read: Kerala Weather: കാലവർഷം ശക്തി പ്രാപിച്ചു, തിങ്കളാഴ്ച ശക്തമായ മഴ

അതേസമയം, ഇടുക്കി, വയനാട് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. ഈ കാലയളവില്‍ കിട്ടേണ്ടതിനെക്കാള്‍ 11 ശതമാനം മഴയാണ് ഇടുക്കിയിൽ കുറഞ്ഞത്. വയനാട്ടിലും അഞ്ച് ശതമാനം മഴ കുറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറവായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ പെയ്ത കനത്ത മഴയാണ് മഴക്കുറവ് പരിഹരിച്ചത്. വരുന്ന നാല് ദിവസം കൂടി പരക്കെ മഴ ലഭിക്കും. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബർ 12 മുതൽ 16 വരെയുളള ദിവസങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്നും സെപ്റ്റംബർ 16 നും കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook