ചെന്നൈ: തമിഴ് നാട്ടിൽ നിർത്താതെ പെയ്യുന്ന മഴയിൽ മരണം 22 ആയി. മേട്ടുപ്പാളയത്ത് വീടുകൾക്ക് മേൽ മതിൽ ഇടിഞ്ഞു വീണ് 17 പേർ മരിച്ചു. കൂടുതൽ​പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. എട്ട് തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കാഞ്ചീപുരം,കടലൂർ, എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മേട്ടുപ്പാളയം ടൗണിന് സമീപത്തുള്ള നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ മൂന്നരയോടെ ആരംഭിച്ച കനത്ത മഴയില്‍ കരിങ്കല്‍ മതില്‍ വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. നേരത്തെ മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും കനത്ത മഴയെത്തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും  മാറ്റിവച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

തീരദേശ മേഖലകളായ കടലൂരിൽ നാലും തിരുനെൽവേലിയിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെന്നൈ നഗരത്തിലെ മുടിചൂർ, താമ്പ്രം, പള്ളിക്കരണി, മേടവാക്കം, മടിപ്പാക്കം, ആദമ്പാക്കം മേഖലകളിലെ രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി. ചെമ്പരമ്പാക്കം, മധുരാന്തകം നദികൾ കരകവിഞ്ഞ് ഒഴുകിയതിനാലാണിത്. ഇവിടങ്ങളിലെ കുടുംബങ്ങളിലെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടലൂർ ജില്ലയിലെ 25 കുടുംബങ്ങളെ എസ്.ഡി.ആർ.എഫ് എത്തിയാണ് മാറ്റിയത്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 20 സെന്റി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതൽ മഴ ഇതുവരെ രേഖപ്പെടുത്തിയത്. 19 സെന്റീമീറ്റർ. കടലൂർ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്.17 സെന്റീമീറ്റർ.

വില്ലുപുരം ജില്ലയിലെ വീദൂര്‍ അണക്കെട്ടിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ പ്രളയമുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണു മുന്നറിയിപ്പ്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പു​തു​ച്ചേ​രി​യി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook