Cyclone Fani: ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതീവ ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഒഡീഷയുടെ തീരങ്ങളില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീരദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഓരോ മണിക്കൂറിലും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അടിയന്തിര തയ്യറാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 80 തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കി.

വെള്ളിയാഴ്ച ഉച്ചയോടെ ഫോനി ഒഡീഷയുടെ തീരത്തെത്തുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഒഡീഷയില്‍ കൂടാതെ പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് തീരങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ഉള്ളവരെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോനിയുടെ ഫലമായി ശ്രീലങ്കയിലും ഇടിമിന്നലോടു കൂടിയ മഴയുണ്ട്.

Read More: Cyclone Fani: ‘ഫോനി’ ശക്തിപ്രാപിക്കുന്നു; ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അവധി റദ്ദാക്കി

പുരി ജില്ലയിലെത്തിയ വിനോദ സഞ്ചാരികളോട് ഇന്ന് വൈകുന്നേരത്തോടെ സ്ഥലത്തു നിന്നും പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാല് അഞ്ച് തിയ്യതികളില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒഡിഷയിലെ 11 തീരദേശ ജില്ലകളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പെരുച്ചട്ടം എടുത്തമാറ്റിയിട്ടുണ്ട്. വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി തീരപ്രദേശങ്ങളിൽ നിന്നുള്ള പെരുമാറ്റച്ചട്ടം പിൻവലിക്കാൻ മുഖ്യമന്ത്രി നവീൻ പട്നായിക് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുകയായിരുന്നു.

ഇന്ത്യന്‍ തീര സംരക്ഷണ സേനയും ഇന്ത്യന്‍ സൈന്യവും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യത്തിന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് സൈന്യം അറിയിച്ചു.

മെയ് മൂന്ന്, നാല് തിയ്യതികളില്‍ ഒഡീഷയുടേയും ആന്ധ്രാ പ്രദേശിന്റേയു തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് ഉള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇതുണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മെയ് 15ാം തിയ്യതി വരെ ഒഡീഷയിലെ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ച് അതാത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook