ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം 'പൊറിഞ്ചു മറിയം ജോസി'ലെ ആദ്യ ഗാനമെത്തി. ലിറിക്കൽ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'മനമറിയുന്നോള്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. അഭിലാഷ് എൻ.ചന്ദ്രന്റെ വരികൾക്ക് ജെയ്ക്സ് ബിജോയ് സംഗീതം നൽകി വിജയ് യേശുദാസും സച്ചിന്‍ രാജുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ.ചന്ദ്രൻ ആണ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'.
മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറിൽ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെ ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം. ചാന്ദ്‌വി ക്രിയേഷൻസ് ആണ് 'പൊറിഞ്ചു മറിയം ജോസ്' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.