ഒാരോ സിനിമയും പുറത്തിറങ്ങി കഴിഞ്ഞാൽ തൊട്ടുപിറകെ ചിത്രത്തിലെ ഡിലീറ്റഡ് സീനുകൾ യൂട്യൂബിൽ റിലീസ് ചെയ്യുന്നൊരു പ്രവണത സമീപകാലത്തായി കൂടുതലായി പ്രചരിക്കുന്നുണ്ട്. വിജയ് സേതുപതി- തൃഷ ചിത്രം '96', 'കോടതിസമക്ഷം ബാലൻവക്കീൽ', 'കുമ്പളങ്ങി നൈറ്റ്സ്' തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം അത്തരം ഡിലീറ്റഡ് സീനുകൾ യൂട്യൂബിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, മലയാള സിനിമ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബോക്സ് ഒാഫീസ് വിജയചിത്രം 'ലൂസിഫറി'ലെയും ഒരു ഡിലീറ്റഡ് സീൻ പുറത്തു വന്നിരിക്കുകയാണ്.
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് 'ലൂസിഫർ' സംവിധായകൻ പൃഥ്വിരാജാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തൊട്ടു പിന്നാലെ വീഡിയോ യൂട്യൂബിലും അപ്‌ലോഡ് ചെയ്യപ്പെട്ടു. "ഈ സീൻ നിങ്ങൾ തിയേറ്ററിൽ കണ്ടിട്ടില്ല, നിങ്ങൾക്ക് ആമസോണിലും കാണാനാവില്ല. ഒരിക്കൽ കൂടി... ജന്മദിനാശംസകൾ ലാലേട്ടാ," എന്നാണ് വീഡിയോ ഷെയർ ചെയ്തു കൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഹെൽമെറ്റില്ലാതെ വണ്ടി ഓടിക്കുന്നത് ശിക്ഷാർഹമാണ് എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും വീഡിയോയ്ക്ക് ഒപ്പം പൃഥ്വിരാജ് നൽകിയിട്ടുണ്ട്.
'ലൂസിഫറി'ൽ ഉൾപ്പെടാതെ പോയ സീനിൽ ഒരു ബുള്ളറ്റിൽ കൂളിങ് ഗ്ലാസ്സ് ധരിച്ച് ഹെൽമെറ്റില്ലാതെ മോഹൻലാൽ വരുന്നതാണ് രംഗം. "വല്ലതും കിട്ടിയോ സാറേ, ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചതിന് വല്ല പെറ്റിയെങ്കിലും..' എന്ന് തന്നെ കടന്നു പോകുന്ന പൊലീസ് വ്യൂഹത്തോട് മാസ് ഡയലോഗ് അടിക്കാനും സ്റ്റീഫൻ നെടുമ്പിള്ളി മറക്കുന്നില്ല.
Read more: 'ലൂസിഫറി’ലെ ഐറ്റം ഡാൻസിനെ കുറിച്ചുള്ള വിമർശനങ്ങൾക്ക് പൃഥ്വിരാജിന്റെ മറുപടി
മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ‘ലൂസിഫർ’ ആമസോൺ പ്രൈമിലും ഇപ്പോൾ ലഭ്യമാണ്. മേയ് 6 നാണ് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകും.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫർ’. തൊട്ടു പിറകെ, മലയാള സിനിമയിൽ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും ‘ലൂസിഫർ’ സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
200 കോടി കളക്റ്റ് ചെയ്തതോടെ ‘പുലിമുരുകന്റെ’ റെക്കോർഡാണ് ചിത്രം തകർത്തത്. മലയാളസിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകൻ’ 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നത്. ഇതോടെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഏകതാരം എന്ന വിശേഷണവും മോഹൻലാലിനു നേടുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us