ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ.' അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ട്രെലിയറാണ് നിർമ്മാതാക്കൾ ചൊവ്വാഴ്ച പുറത്തിറക്കിയിരിക്കുന്നത്.
മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത് 'പ്രലേ (അപ്പോക്കലിപ്സ്)' എന്ന് പരിചയപ്പെടുത്തുന്ന വില്ലനിൽ നിന്നാണ്. മുടി നീട്ടിവളർത്തി മുഖം മൂടി ധരിച്ചാണ് ട്രെയിലറിലുള്ള രംഗങ്ങളിൽ പൃഥ്വി എത്തുന്നത്. ഇന്ത്യൻ സായുധ സേനയിൽ ആയുധം മോഷ്ടിക്കുന്ന വില്ലനെയാണ് ട്രെയിലറിൽ കാണിക്കുന്നത്.
അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണ്, ബഡേ മിയാൻ ഛോട്ടേ മിയാൻ. ആക്ഷൻ രംഗങ്ങളിലും, ലൊക്കേഷനുകളിലും വിട്ടുവീഴ്ച ചെയ്യാത്ത മേക്കിങിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബഡേ മിയാൻ ഛോട്ടേ മിയാൻ ട്രെയിലർ, ചൊവ്വാഴ്ച മുംബൈയിലാണ് ലോഞ്ച് ചെയ്തത്. ഏപ്രിൽ 20ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. 300 കോടിയിലധികം ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അലി അബ്ബാസ് സഫറും ആദിത്യ ബസുവുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
2012ൽ പുറത്തിറങ്ങിയ 'അയ്യ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ കാൽവയ്പ്പ് നടത്തിയ പ്രഥ്വിരാജിന്റെ ഗംഭീര മടങ്ങിവരവാകും ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാന ചിത്രങ്ങളിൽ ഒന്നായ ആടുജീവിതത്തിന്റെ പ്രെമോഷൻ തിരക്കിലാണ് താരം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജിവിതം മാർച്ച് 28നാണ് തിയേറ്ററിലെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.