അനബെലിന്റെ രണ്ടാം ഭാഗവും, കോൺജുറിങ്ങ് സീരീസിലെ നാലാം ചിത്രവുമായ അനബെൽ ക്രിയേഷൻസ് സമ്മിശ്ര പ്രതികരണങ്ങളുമായാണ് പ്രദര്‍ശനം തുടരുന്നത്. ചിലരിതിനെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രമെന്ന് പറയുമ്പോള്‍ ഭൂരിഭാഗത്തിന്റേയും അഭിപ്രായം ഹോളിവുഡ് പ്രേത സിനിമകളിലെ ആവര്‍ത്തന പടപ്പെന്നാണ്. ആത്മാവ് കുടിയേറുന്ന പതിവ് കളിപ്പാവയും, എത്ര കണ്ടിട്ടും പഠിക്കാതെ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രേതത്തെ തേടി രാത്രി അലയുന്ന കൗമാരക്കാരും, ലൈറ്റ് അണയുമ്പോള്‍ ചാടി വീഴുന്ന പ്രേതവും ഒക്കെയായി മാറാന്‍ ശ്രമിക്കാത്ത പ്രേത സങ്കല്‍പ്പം.

എന്നാല്‍ ബ്രസീലില്‍ ചിത്രം കണ്ട ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് വിഷയം. ചിത്രം കണ്ടിറങ്ങിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെറെസിനയില്‍ സെക്കന്റ് ഷോ കണ്ടിറങ്ങിയ യുവതിയെ ആണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20കാരിയാണ് ചിത്രം കണ്ടിറങ്ങിയ ഉടനെ വിചിത്രമായി പെരുമാറിയത്.

തിയറ്റര്‍ വിട്ട യുവതി ആദ്യം മുഖത്ത് സ്വയം നിരന്തരം ഇടിക്കുകയും നിലവിളിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നാലെയാണ് നിലത്ത് വീണ യുവതി അലമുറയിട്ട് കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 18 വെളളിയാഴ്ച്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. പിന്നാലെ യുവതിയ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയത്. ലൈറ്റ്‌സ് ഔട്ടിന്റെ സംവിധായകനായ ഡേവിഡ് എഫ് സാൻഡ്ബർഗാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗാരി ഡൗബർമാനാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 11നാണ് തിയറ്ററുകളില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ