ബാര്‍ട്ടിമോര്‍ : നായ്ക്കള്‍ മൂലമുള്ള അലര്‍ജിയെ കുറിച്ച് പരാതിപ്പെട്ട യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് ഇറക്കിവിട്ടത് വിവാദമായി. യു.എസിലെ ബാര്‍ട്ടിമോറില്‍ നിന്നും ലൊസാഞ്ചലസിലേയ്ക്ക് പറന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനത്തില്‍ രണ്ട് നായ്ക്കളും യാത്രക്കാരായി ഇടംപിടിച്ചിരുന്നു. എന്നാല്‍, നായകള്‍ക്കൊപ്പം യാത്ര ചെയ്യാനാകില്ലെന്ന് ഇവര്‍ വാശിപിടിച്ചതോടെ രംഗം സംഘര്‍ഷഭരിതമാകുകയായിരുന്നു. ഇത്തരത്തില്‍ വാശിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ജീവനക്കാര്‍ അവരെ വലിച്ചിഴച്ച് പുറത്താക്കുകയും ശേഷം വിമാനം പറന്നുയരുകയുമായിരുന്നു.

തന്റെ പിതാവിന്റെ ശസ്ത്രക്രിയയുടെ ആവശ്യത്തിനായാണ് ഈ യാത്രയെന്നും താനൊരു പ്രൊഫസറാണെന്നും വലിച്ചിഴയ്ക്കുന്നതിനിടെ യുവതി വിളിച്ചു പറയുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ വാട്‌സാപ്പില്‍ വൈറലായിരിക്കുകയാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് അധികൃതര്‍ മാപ്പുപറഞ്ഞു.

പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ യുവതിയോട് സംസാരിക്കുകയും പിറ്റേന്ന് രാവിലെയുള്ള വിമാനത്തില്‍ യാത്ര തുടരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും അവര്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസിനെ വിളിക്കുകയും വിമാനത്തില്‍ നിന്നും ബലമായി പുറത്തിറക്കുകയും ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ