ജീവിതത്തില്‍ പേശീവലിവ് അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ജിമ്മില്‍ പോയി നന്നായി വര്‍ക്ക് ഔട്ട് ചെയ്തതിന് ശേഷമോ അല്ലെങ്കില്‍ രാത്രി ഉറക്കത്തിനിടയിലോ മറ്റോ ഒക്കെയായിരിക്കും പേശീവലിവ് അനുഭവപ്പെടുക. വേദന കടിച്ചമര്‍ത്തി കോച്ചിവലിക്കല്‍ പോകും വരെ നമ്മള്‍ അങ്ങനെ നില്‍ക്കും. എന്നാല്‍ ഇതിനിടയില്‍ അതിന്റെ വീഡിയോ എടുക്കണമെന്ന ചിന്ത നമ്മുടെ മനസ്സില്‍ വരാറില്ല.

എന്നാല്‍ കാലിഫോര്‍ണിയക്കാരനായ ഏഞ്ചല്‍ ബെര്‍മുഡസ് പേശീവലിവിന്റെ വീഡിയോ പകര്‍ത്തി ഫെയ്സ്ബുക്കിലിട്ടു. പേശീവലിവ് എന്ന് പറഞ്ഞാല്‍ കാല്‍വണ്ണയിലെ തൊലിക്കടിയിലൂടെ നുഴഞ്ഞു കയറിയ ഒരു ജീവിയെ എന്നപോലെ തോന്നിക്കുന്ന പേശീവലിവ്. വേദനയ്ക്കിടയിലും പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ മൂന്ന് ദിവസം കൊണ്ട് രണ്ട് കോടിയിലധികം പേരാണ് കണ്ടത്.

ജിമ്മിലെ അധ്വാനത്തിന് ശേഷം മടങ്ങുമ്പോള്‍ കാറില്‍ വെച്ചാണ് ബെര്‍മുഡസിന് പേശീവലിവ് ഉണ്ടായത്. ഉടന്‍ തന്നെ കാല് കാറിന്റെ ഡാഷ്ബോര്‍ഡിന് മുകളില്‍ കയറ്റി വെച്ച് അദ്ദേഹം വീഡിയോ പകര്‍ത്തി. 52 സെക്കന്റോളമാണ് പേശീവലിവ് നീണ്ടുനിന്നത്. എത്രത്തോളം വേദനയുണ്ടെന്ന് ബെര്‍മുഡസിന്റെ ശബ്ദത്തില്‍ നിന്ന് വ്യക്തമാണ്. ഒരു അന്യഗ്രഹജീവി കാലിനുളളിലൂടെ പോകുന്നത് പോലെ തോന്നിയെന്നാണ് ബെര്‍മുഡസ് ഒരു കമന്റിന് മറുപടി നല്‍കിയത്. മണിക്കൂറുകളോളം വിശ്രമം നല്‍കാതെ കാലിന് വര്‍ക്ക്ഔട്ട് ചെയ്തതാണ് ഇത്തരത്തില്‍ പേശീവലിവ് ഉണ്ടാകാന്‍ കാരണമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ