ന്യൂഡല്‍ഹി: ബിഗ് ബോസിലെ വിവാദ മത്സരാര്‍ത്ഥിയും സ്ത്രീകളോട് മോശമായ പെരുമാറ്റത്തിന്റെ പേരില്‍ കുപ്രശസ്തനുമായ സ്വാമി ഓമിന് വീണ്ടും സ്ത്രീകളുടെ മര്‍ദ്ദനം. ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വെച്ചാണ് അദ്ദേഹത്തെ സ്ത്രീകള്‍ കൈകാര്യം ചെയ്തത്.

കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ചടങ്ങിലാണ് സംഭവം. സ്ത്രീകളെ പ്രകോപിപ്പിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സ്ത്രീകളെ പിടിച്ചുമാറ്റാനെത്തിയ സ്വാമിയുടെ അനുയായികളേയും സ്ത്രീകളും മറ്റുളളവരും ചേര്‍ന്ന് കൈകാര്യം ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സ്ത്രീകള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ ഓമിനെ സംഘാടകര്‍ തന്നെ കൈകാര്യം ചെയ്തത് വാര്‍ത്തയായിരുന്നു. ഡല്‍ഹിയിലെ വികാസ് നഗറില്‍ നാഥൂറാം ഗോഡ്സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായാണ് സ്വാമിയെത്തിയത്. എന്നാല്‍ വിവാദ സ്വാമിയെ പരിപാടിയില്‍ പങ്കെടുപ്പിച്ചതും ആദരിക്കുന്നതും ചിലര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ പലവട്ടം മോശമായ അഭിപ്രായപ്രകടനങ്ങളുമായി എത്തിയ സ്വാമിയെ പുറത്താക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ എതിര്‍പ്പ് അറിയിക്കുകയും ബഹളം വെക്കുകയും ചെയ്തു.

സംഗതി കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ഓം സ്വാമി ഉടന്‍ തന്നെ സ്ഥലം വിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സംഘാടകര്‍ എത്തി സ്വാമിയെ കൈകാര്യം ചെയ്യുകയായിരുന്നു. അടികിട്ടിയ സ്വാമിയുടെ വെപ്പ് മുടിയും തലയില്‍ നിന്ന് ഊരിപ്പോയി. പിന്നീട് വെപ്പ് മുടിയും കൈയില്‍ എടുത്താണ് വിവാദ സ്വാമി സ്ഥലം വിട്ടത്. തന്നെ ആരാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അറിയില്ലെന്ന് പിന്നീട് സ്വാമി പ്രതികരിച്ചു.

നേരത്തേ ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തിരുന്നു. യുവതിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ച് കീറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു നടപടി. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ