അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹസ്തദാനം വളരെ പ്രശസ്തമാണ്. നവമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഹസ്തദാനം ആഘോഷമാക്കാറുമുണ്ട്. ജെര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലിന് അദ്ദേഹം കൈകൊടുക്കാന്‍ തയ്യാറാവത്തതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുളള അദ്ദേഹത്തിന്റെ ഹസ്തദാനവും മീമുകളായി പരിണമിച്ചു. ട്രംപിന്റെ ഹസ്തദാനത്തില്‍ നിന്ന് എങ്ങനെ രക്ഷപെടുമെന്നാണ് ചിലരൊക്കെ ചിന്തിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ട്രംപും ഭാര്യ മെലാനിയ ട്രംപും പോളണ്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സംഭവിച്ച മറ്റൊരു ഹസ്തദാനമാണ് ഇവിടത്തെ വിഷയം.

പോളണ്ട് പ്രസിഡന്റ് ആന്ദ്രെസ്ജ് ഡൂഡയും പ്രഥമ വനിത അഗത കൊണ്‍ഹാസറും ചേര്‍ന്ന് ട്രംപിനും അമേരിക്കന്‍ പ്രഥമ വനിതക്കും വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഔപചാരിക ഹസ്തദാനത്തിനിടെയാണ് ട്രംപിന് അബദ്ധം പിണഞ്ഞത്. ട്രംപും പോളിഷ് പ്രസിഡന്റും ചേര്‍ന്ന് ആദ്യം ഹസ്തദാനം ചെയ്തു. ഇതിനു ശേഷം ട്രംപ്, അഗതക്ക് നേരെ കൈ നീട്ടിയെങ്കിലും അഗത മെലാനിയ്ക്ക് ഹസ്തദാനം നല്‍കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ