അത്യപൂര്‍വ്വമായൊരു ലോക റെക്കോര്‍ഡിലേക്കാണ് ലോകം കഴിഞ്ഞ ദിവസം മിഴി തുറന്നത്. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് പ്രകടനം നടന്നത്. 245 പേര്‍ ഒരേസമയം ഒരു പാലത്തില്‍ നിന്നും താഴേക്ക് എടുത്ത് ചാടുകയായിരുന്നു. ഗിന്നസ് ലോക റെക്കോര്‍ഡ് ലക്ഷ്യം വെച്ചായിരുന്നു ഈ വ്യത്യസ്തമായ പ്രകടനം നടത്തിയത്.

അരയില്‍ കയര്‍ കെട്ടി കൈകോര്‍ത്താണ് സ്ത്രീകളും പുരുഷന്മാരും അടക്കം 245 പേര്‍ 30 മീറ്റര്‍ ഉയരമുളള പാലത്തില്‍ നിന്നും ചാടിയത്. പിന്നീട് ഇവര്‍ ഒരു പെന്‍ഡുലം കണക്കെ വായുവില്‍ ഏറെ നേരം ആടി നില്‍ക്കുകയും ചെയ്തു. 2016 ഏപ്രിലില്‍ 149 പേര്‍ ഒരുമിച്ച് ചാടിയ റെക്കോര്‍ഡാണ് ഇവിടെ തകര്‍ന്നത്. ഇതേ സ്ഥലത്ത് വെച്ച് തന്നെയായിരുന്നു ആ റെക്കോര്‍ഡ് പ്രകടനവും അരങ്ങേറിയത്. അതേസമയം ഗിന്നസ് അധികൃതര്‍ ഇത് റെക്കോര്‍ഡാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബംങ്കി ജമ്പിംഗ് പോലെ തന്നെ സാഹസികത ഏറിയ പ്രകടനമാണ് റോപ്പ് ജമ്പിംഗ്. എന്നാല്‍ നൈലോണ്‍ കയറില്‍ കെട്ടി നടത്തുന്ന ചാട്ടത്തില്‍ ബംങ്കി ജമ്പിംഗ് പോലെ വീണ്ടും മുകളിലോട്ട് തന്നെ തിരിച്ച് പൊങ്ങില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ