വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.മോഹന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന്റെ ടീസറെത്തി. കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തിനു സമീപം ഹോംസ്‌റ്റേ സേവനം നടത്തുന്ന അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.

ലവ് 24*7 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നിഖില വിമലാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, സലിം കുമാര്‍, ഉര്‍വശി, ശാന്തി കൃഷ്ണ, കെ.പി.എ.സി.ലളിത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയെഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമും നിര്‍വഹിച്ചിരിക്കുന്നു .

പതിയാര എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറുകളില്‍ പ്രദീപ് കുമാര്‍ പതിയാരയും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനവും പുറത്തുവിട്ടിരുന്നു. വിനീത് തന്നെ പാടിയ ‘കണ്ണേ തായ് മലരേ’ എന്ന ഗാനത്തിന് വരികളെഴുതിയത് ഹരിനാരായണന്‍ ബി.കെയും സംഗീതം ഷാന്‍ റഹ്മാനുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ