മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം വില്ലന്റെ ടീസർ പുറത്തിറങ്ങി.
നല്ല കിടിലൻ ലുക്കിൽ മോഹൻലാലാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. മഞ്‌ജു വാര്യർ, സിദ്ധിഖ് എന്നിവരെയും ടീസറിൽ കാണാം. രണ്ട് മിനുറ്റിൽ താഴെ ദൈർഘ്യമുളള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.ടീസർ ഇന്നു പുറത്തിറക്കുമെന്ന് മോഹൻലാൽ ഇന്നലെ ആരാധകരെ അറിയിച്ചിരുന്നു.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മോഹൻലാലിന്റെ ഭാര്യയായി മഞ്ജു അഭിനയിക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവർ ഒരുമിച്ചത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും ചിത്രത്തിലുണ്ട്. സ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സംഘട്ടനം‍. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്.

ബജ്‌രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്‌ലൈൻ വെങ്കിടേഷ് ചിത്രം നിർമിക്കുന്നത്. 25-30 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook