“ഓർക്കൂ, ഞങ്ങൾ പൊലീസുകാർ കറുത്തവരെ മാത്രമേ വെടിവയ്ക്കാറുള്ളൂ. ഏതെങ്കിലും വെളുത്തവർഗ്ഗക്കാരനെ ഞങ്ങൾ വെടിവയ്ക്കുന്നത് നിങ്ങൾ വീഡിയോ ദൃശ്യങ്ങളിൽ കണ്ടിട്ടുണ്ടോ?”, ജോർജ്ജിയയിലെ ഒരു പൊലീസുദ്യോഗസ്ഥൻ സ്ത്രീയോട് പറഞ്ഞതാണിത്.

പൊലീസ് വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ തോതിൽ ചർച്ചയായിരിക്കുന്നത്. ജോർജിയയിൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് റോഡിന്റെ അരികിലേക്ക് ഒതുക്കി നിർത്തിയ കാറിൽ നിന്ന് ഡ്രൈവറായ സ്ത്രീയെ പുറത്തിറങ്ങാൻ ആവശ്യപ്പെടുന്പോഴാണ് പൊലീസുകാരൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്.

സ്ത്രീയുടെ കൈവശമുള്ള ഫോണിൽ നിന്ന് ഒരു കോൾ വിളിക്കാനാണ് പൊലീസുദ്യോഗസ്ഥൻ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ താൻ പൊലീസുകാരുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെന്നും, ആവശ്യപ്പെട്ട കാര്യം ചെയ്യില്ലെന്നും സ്ത്രീ മറുപടി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഇതിന് മറുപടിയായാണ് പൊലീസുദ്യോഗസ്ഥൻ വിവാദ പ്രസ്താവന നടത്തിയത്. “നിങ്ങൾ കറുത്തയാളല്ലല്ലോ. ഞങ്ങൾ കറുത്തവരെ മാത്രമേ വെടിവയ്ക്കാറുള്ളൂ”, അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലഫ്റ്റനന്റ് ഗ്രെഗ് അബോട്ടിനെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ ജോർജിയ പൊലീസ് ഉന്നത നേതൃത്വം തീരുമാനിച്ചു. ഇതേ തുടർന്ന് ഗ്രെഗ് അബോട്ട് വ്യാഴാഴ്ച വിരമിച്ചു.

അമേരിക്കയിലെ വംശീയ അധിക്ഷേപത്തിന് കൂടുതൽ തെളിവ് നൽകുന്ന വിധത്തിലാണ് കഴിഞ്ഞ മാസങ്ങളിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. കാറിന്റെ ഡാഷ് ബോർഡിലെ കാമറ, ശരീരത്തിൽ ഘടിപ്പിച്ച കാമറ, മൊബൈൽഫോൺ കാമറ എന്നിവയിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളിൽ നിരവധി കറുത്തവരെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുന്നത് വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ