ന്യൂഡൽഹി: ജോഗ്ഗിംഗിനിടെ എതിരെ നടന്നുവന്ന 33 കാരിയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ലണ്ടനിലാണ് സംഭവം നടന്നത്. ബസ് ഡ്രൈവറുടെ സമചിത്തതോടെയുള്ള നീക്കമാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.

വ്യായാമത്തിനായി ചെറിയ വേഗതയിൽ ഓടിയ പുരുഷനാണ് എതിരെ വന്ന സ്ത്രീയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മെർട്ടൺ പൊലീസാണ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.

മെയ് അഞ്ച് വെള്ളിയാഴ്ച രാവിലെ പുട്നി പാലത്തിന് മുകളിലെ നടപ്പാതയിൽ കൂടി നടന്നുപോവുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്താണ് എതിരെ ജോഗ് ചെയ്ത വന്നയാൾ ഇവരെ വാഹനങ്ങളുടെ പാതയിലേക്ക് തള്ളിയിട്ടത്.

എന്നാൽ ബസ് തലനാരിഴ വ്യത്യാസത്തിലാണ് യുവതിയുടെ തലയ്ക്ക് മുകളിലൂടെ കയറാതെ പോയത്. ഇതോടെ യുവതി യാതൊരു പോറലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. മുന്നിൽ പോയ വാഹനത്തിന്റെ പുറകിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലാണ് പുറത്തുവന്നത്.

എന്തിനാണ് തള്ളിയിട്ടതെന്ന് യുവതി വിളിച്ച് ചോദിച്ചെങ്കിലും ഇയാൾ മറുപടി നൽകാതെ ഓടിപ്പോയി. 30 വയസിലധികം പ്രായമുള്ള വെളുത്ത നിറമുള്ള മനുഷ്യനാണ് അക്രമി. നിർണ്ണായക ഘട്ടത്തിൽ ബസ് ഡ്രൈവർ സ്വീകരിച്ച ചടുലമായ നീക്കം കൊണ്ട് മാത്രമാണ് ഏറ്റവും അപകടകരമായ ആപത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടതെന്ന് കേസ് അന്വേഷിക്കുന്ന സെർജന്റ് മാറ്റ് നോൾസ് തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook