തമിഴകം കീഴടക്കാൻ ജയം രവി വീണ്ടും എത്തുന്നു. ഇത്തവണ കാടിന്റെ കഥ പറയുന്ന വനമകൻ എന്ന ചിത്രവുമായാണ് ജയം രവിയുടെ വരവ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആദിവാസിയായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. സയേഷയാണ് ചിത്രത്തിൽ ജയം രവിയുടെ നായികയായെത്തുന്നത്. എ.എൽ.വിജയ്‌യാണ് ചിത്രത്തിന്റെ സംവിധായകൻ.

കാട്ടിലും നാട്ടിലുമായാണ് വനമകന്റെ കഥ നടക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സ്വന്തം വിശ്വാസങ്ങളും നിയമങ്ങളുമായി ജീവിക്കുന്ന ഒരു കൂട്ടം ആദിവാസികളുടെ ജീവിത സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥയൊരുക്കിയിരിക്കുന്നത്. കാട്ടിൽ ജനിച്ചുവളർന്ന ജയം രവി കഥാപാത്രം ആദ്യമായി നഗരത്തിലെത്തിപ്പെടുന്നു. നഗരത്തിലെ ഓരോ കാര്യങ്ങളോടും ആ കഥാപാത്രം എങ്ങനെ പ്രതികരിക്കുന്നുവെന്നതും ട്രെയിലറിൽ കാണാം. നഗരത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുമായി ഈ കഥാപാത്രം പ്രണയത്തിലാവുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമയുടെ ഏകദേശ ധാരണ നൽകുന്ന മൂന്ന് മിനുറ്റിൽ താഴെയുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്യുന്ന ജയം രവിയുടെ മറ്റൊരു വേറിട്ട കഥാപാത്രമായിരിക്കും വനമകനിലേത്. എവിടെയൊക്കെയോ ടാർസനെ ഓർമ്മിപ്പിക്കുന്നതാണ് വനമകന്റെ ട്രെയിലർ.

ട്രെയിലറിൽ കാണിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക പ്രീതി നേടിയെന്ന് യൂട്യൂബിൽ ട്രെയിലറിന് താഴെ വരുന്ന കമന്റുകൾ ഉദാഹരണം. ഹാരിസ് ജയരാജാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.

സംവിധായകനായ എ.എൽ.വിജയ് തന്നെയാണ് വനമകന്റെ കഥയെഴുതിയിരിക്കുന്നതും. എന്നെന്നും ഓർക്കാവുന്ന ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് എ.എൽ.വിജയ്. ദൈവ തിരുമകൾ, മദ്രാസ് പട്ടണം, തലൈവ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തത് വിജയ് ആയിരുന്നു.

പ്രകാശ് രാജാണ് വനമകനിൽ വില്ലനായെത്തുന്നത്. തമ്പി രാമയ്യ, ഷൺമുഖരാജൻ എന്നിവരാണ് മറു വേഷങ്ങളിലെത്തുന്നത്.

കാടും കാട്ടിലെ ജീവിതവും പറയുന്ന കടമ്പൻ എന്ന ചിത്രവും തമിഴിൽ റിലീസിനൊരുങ്ങുന്നുണ്ട്. ആര്യയാണ് കടമ്പനിലെ നായകനായെത്തുന്നത്. രാഘവയാണ് ചിത്രത്തിന്റെ സംവിധായകൻ. കാട്ടിൽ തേൻ ശേഖരിച്ച് ജീവിക്കുന്ന ഒരു യുവാവായാണ് ആര്യ കടമ്പനിൽ എത്തുന്നത്. കാതറീൻ ട്രീസയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook