കോംറേഡ് ഇൻ അമേരിക്കയിലെ ദുൽഖർ സൽമാൻ പാടിയ പാട്ടിന്റെ സ്റ്റുഡിയോ റെക്കോർഡിങ് വിഡിയോയെത്തി. വാനം തിള തിളയ്‌ക്കണ് എന്ന ഗാനമാണ് ദുൽഖർ പാടുന്നത്.

വെളള ഷർട്ടിട്ട് സ്‌റ്റൈലായി നിന്ന് ആസ്വദിച്ച് പാടുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണുന്നത്. നിർദേശങ്ങളുമായി ഗാനത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറുമുണ്ട് വിഡിയോയിൽ. റഫീഖ് അഹമ്മദും കരോലിനയും മുഹമ്മദ് മക്ബൂൽ മൻസൂറും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിട്ടുളളത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഹിന്ദി വരികളെഴുതിയിരിക്കുന്നത് മുഹമ്മദ് മക്ബൂൽ മൻസൂറും സ്‌പാനിഷ് വരികളെഴുതിയിരിക്കുന്നത് കരോലിനയുമാണ്. ദുൽഖറും മുഹമ്മദ് മക്ബൂൽ മൻസൂറും കരോലിനയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.അമൽ നീരദാണ് കോംറേഡ് ഇൻ അമേരിക്ക സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ മറ്റൊരു പാട്ടും ദുൽഖർ പാടുന്നുണ്ട്. കേരള മണ്ണിനായ് എന്നു തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മി, ജി.ശ്രീറാം എന്നിവർക്കൊപ്പമാണ് പാടുന്നത്. നല്ലൊരു നടൻ മാത്രമല്ല ഗായകൻ കൂടിയാണെന്നു ദുൽഖർ നേരത്തെതന്നെ തെളിയിച്ചിട്ടുണ്ട്. ചാർളി എന്ന ചിത്രത്തിൽ പാടിയ ‘സുന്ദരിപ്പെണ്ണേ’യും എബിസിഡിയ്ക്കു വേണ്ടി പാടിയ ‘ജോണി മോനേ ജോണി’യും വൻ ഹിറ്റായിരുന്നു.

കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് കോംറേഡ് ഇൻ അമേരിക്ക പറയുന്നത്. അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. പുതുമുഖമായ കാർത്തികയാണ് ദുൽഖറിന്റെ നായിക. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം.അമൽ നിരദ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ