ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ‘ഉടലാഴം’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ എത്തി. ‘ഗുളികൻ’ എന്ന ട്രൈബൽ ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ‘ഉടലാഴം’. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’ എന്ന ട്രൈബൽ ചെറുപ്പക്കാരൻ വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്. ‘ഗുളികനി’ലൂടെ ശരീരത്തിന്റെ രാഷ്ട്രീയവും സമൂഹം ശരീരമെന്ന സങ്കൽപ്പത്തിനു കൽപ്പിച്ച അളവുകോലുകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവർ ചേർന്നാണ് ‘ഉടലാഴം’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാലും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവ്വഹിച്ചു.

Read More: ‘ഉടലാഴ’വും ‘ചോല’യും ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക്

മോഹൻലാലിന്റെ ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. രമ്യ വൽസലയും അനുമോളുമാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, പണിയ ഭാഷകള്‍ ഉപോഗിച്ചിട്ടുള്ള ചിത്രത്തില്‍ അബു വലയംകുളം, രാജീവ്‌ വേലൂര്‍, ജോയ് മാത്യു, വെട്ടിലക്കൊള്ളി മതി, നിലമ്പൂര്‍ ആയിഷ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

മുംബൈ മാമി ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കപ്പെട്ട ‘ഉടലാഴം’ 2018 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook