സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ടിക്കാ ടിക്കാ ദിൽ മേരാ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. സഹോദരന്മാർ തമ്മിലുളള അടുപ്പവും സ്‌നേഹവുമാണ് ഈ ഗാനത്തിൽ പറയുന്നത്. സൽമാൻ ഖാനും സൊഹൈൽ ഖാനുമാണ് ഗാനത്തിലുളളത്. ആർമിയിലേക്ക് പോവുന്ന സഹോദരനെ യാത്രയാക്കുന്നതും ഒരുമിച്ച് ചെലവഴിച്ച നല്ല സമയങ്ങൾ ഓർക്കുന്നതുമാണ് ഗാനത്തിലുളളത്. കൗസിർ മുനീറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രീതം ആണ്. രാഹ്‌ത് ഫത്തെ അലി ഖാനാണ് പാട്ട് പാടിയിരിക്കുന്നത്.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റ് ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്.

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. ട്യൂബ് ലൈറ്റിൽ ചൈനക്കാരിയായ സു സുവാണ് നായികയായെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook