കാത്തിരിപ്പിന് വിരാമം. ആകാംഷ കൂട്ടി കൊണ്ട് ടിയാന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ടീസറിലുളളത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ടീസറിലെ പൃഥ്വിരാജിന്റെ വരവ്. ടിയാൻ ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കില്ല എന്നുളള സൂചനയാണ് ടീസർ നൽകുന്നത്.

അത്‌ഭുതങ്ങൾ മനുഷ്യനെ കാണുമ്പോഴാണ് ഇതിഹാസങ്ങൾ ജനിക്കുന്നതെന്ന് പറഞ്ഞാണ് ടീസർ ആരംഭിക്കുന്നത്. നെറ്റിയിൽ നിന്ന് ചോരയൊലിച്ച് വീഴ്‌ചയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഇന്ദ്രജിത്താണ് ടീസറിലുളളത്. കൂടാതെ സ്‌റ്റൈലായി നടന്നു വരുന്ന പൃഥ്വിരാജുമുണ്ട് ടീസർ. തീക്ഷണതയാർന്ന നോട്ടത്തോടെയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ ടീസറിൽ കാണാനാവുന്നത്. ടീസറിൽ കാണിച്ചിരിക്കുന്ന ലൊക്കേഷനും എടുത്തു പറയേണ്ടതാണ്.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്‌ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിൽ അസ്‌ലൻ മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്. രമാകാന്ത് മഹാഷേ എന്ന വേഷത്തിൽ മുരളീ ഗോപിയുമെത്തുന്നു. പട്ടാഭിരാമൻ എന്ന ശക്തമായ കഥാപാത്രവുമായാണ് ഇന്ദ്രജിത്ത് ടിയാനിലെത്തുന്നത്.

റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ഈദിന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്. പൂനെ, മുംബൈ എന്നിവിടങ്ങളായിരുന്നു മറ്റു ലൊക്കേഷനുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook