കാത്തിരുന്ന സൽമാൻ ഖാൻ ചിത്രം ടൈഗർ സിന്താ ഹേയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒരു ബ്ലോക്ബസ്റ്റർ ആയിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരാധകർ മിസ് ചെയ്തിരുന്ന സൽമാൻ ഖാനെയാണ് ഈ ചിത്രത്തിൽ കാണാനാവുക. മൂന്നു മിനിറ്റ് 14 സെക്കന്റ് ദൈർഘ്യമുളള ട്രെയിലറിൽ സൽമാന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണുളളത്. ഒപ്പം നായിക കത്രീന കെയ്ഫിന്റെയും ആക്ഷൻ രംഗങ്ങളുമുണ്ട്.

സൽമാൻ ഖാന്റെ മെഗാ ഹിറ്റുകളിൽ ഒന്നായി ഈ ചിത്രം മാറുമെന്ന സൂചന ട്രെയിലറിലുണ്ട്. ഇറാഖിൽനിന്നും ഇന്ത്യൻ നഴ്സുമാരെ ഭീകരരർ തട്ടിക്കൊണ്ടു പോകുന്നതും അവരെ സൽമാൻ ഖാൻ രക്ഷിക്കുന്നതുമാണ് ചിത്രം. ഒട്ടും ആരാധകരെ നിരാശപ്പെടുത്താതെയാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

സൽമാൻ ഖാന്റെ ട്യൂബ്‌ലൈറ്റ് ബോക്സോഫിസിൽ വലിയ ജയം നേടിയിരുന്നില്ല. അതിനാൽതന്നെ ടൈഗർ സിന്താ ഹേയുടെ വിജയം സൽമാനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അലി അബ്ബാസ് സഫർ ആണ് ടൈഗർ സിന്താ ഹേയുടെ സംവിധായകൻ. ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക. അഞ്ചു വർഷങ്ങൾക്കുശേഷമാണ് സൽമാനും കത്രീനയും വീണ്ടും ഒരു സിനിമയിൽ ഒന്നിക്കുന്നത്. കാബിർ ഖാന്റെ ഏക് താ ടൈഗറിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook