ഓസ്ട്രിയ: കുരങ്ങന്മാർ റോഡും നഗരവും കയ്യേറുന്നത് ചില ഹോളിവുഡ് സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, കോഴികൾ റോഡ് കയ്യേറിയാലോ, സംശയം വേണ്ട റോഡ് ബ്ലോക്കാകും. ചൊവ്വാഴ്ച ഓസ്ട്രിയൻ നഗരമായ ലിൻസിൽ എവൺ ദേശീയപാതയിൽ ഇത്തരത്തിലൊരു സംഭവമുണ്ടായി. കോഴികളെയും കൊണ്ട് പോകുകയായിരുന്ന ലോറിയിൽനിന്ന് ഒരു കെട്ട് താഴേക്കു വീണു. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നിന്ന് വിയന്നയിലേക്ക് കോഴികളുമായി പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഒന്നും രണ്ടുമല്ല 7500 ഓളം കോഴികളാണ് ഇതിൽ ഉണ്ടായിരുന്നത്.

പൊലീസുദ്യോഗസ്ഥരുടെ കഠിന പ്രയത്നത്തിനൊടുവിലാണ് കോഴിക്കുഞ്ഞുങ്ങളെ പിടികൂടി വീണ്ടും കൂട്ടിലടക്കാന്‍ സാധിച്ചത്. അപകടത്തില്‍ പെട്ട ട്രക്ക് മാറ്റാനും കോഴികളെ പിടിക്കാനുമായി നൂറോളം പൊലീസുകാരാണ് സ്ഥലത്തെത്തിയത്. കോഴികള്‍ നടുറോഡിലിറങ്ങിയതോടെ 10 കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ ബ്ലോക്കായി. ഗതാഗതം പുനസ്ഥാപിക്കാന്‍ അഞ്ച് മണിക്കൂറെടുത്തു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ