കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ വളർത്തുമൃഗങ്ങളെ കൂട്ടിന് നൽകുന്നവർ കുറവല്ല. പട്ടിയും പൂച്ചയും തുടങ്ങി പക്ഷികൾ വരെ ഇത്തരത്തിൽ ലോകമാകെ കുട്ടികൾക്ക് കളിക്കൂട്ടിനായി മാതാപിതാക്കൾ മെരുക്കി വളർത്താറുണ്ട്.

കുട്ടികൾക്ക് ചെറുപ്രായത്തിലേ ഇത്തരത്തിൽ മൃഗങ്ങളോട് തോന്നുന്ന സ്നേഹം, പിൽക്കാല ജീവിതത്തിൽ വ്യക്തിത്വ രൂപീകരണത്തിൽ വരെ സ്വാധീനം ചെലുത്തുമെന്നാണ് വിശ്വാസം. എന്നുവച്ച് ആരെങ്കിലും വന്യമൃഗങ്ങളെ കുഞ്ഞിന് കളിക്കൂട്ടായി നൽകുമോ?

മൂക്കത്ത് വിരൽവെക്കേണ്ട സംഗതിയാണ്. ചൈനക്കാരിയായ സുൻ സിയോജിങ് എന്ന ഒൻപതുകാരിയുടെ ചങ്ങാതി ഒരു കടുവക്കുട്ടിയാണ്. സുന്നിന്റെ അച്ഛൻ ദക്ഷിണ ചൈനയിലെ ഒരു മൃഗശാലയിലെ ജീവനക്കാരനാണ്. മൃഗശാലയ്ക്കടുത്താണ് ഇവരുടെ വീടും. മൂന്ന് മാസം മുൻപ് കടുവക്കുട്ടി ജനിച്ചത് മുതൽ സുൻ അവളുടെ സമയം കൂടുതലും ചിലവഴിക്കുന്നത് കടുവക്കൊപ്പമാണ്.

കടുവയ്ക്ക് ഒപ്പം കളിക്കുക മാത്രമല്ല, അതിന് ഭക്ഷണം കൊടുക്കുന്നതും, പാലുകൊടുക്കുന്നതും, എന്തിന് കുളിപ്പിക്കുന്നതടക്കം സുന്നാണ്. കടുവക്കുട്ടിക്ക് ഹുനിയു എന്ന് പേരുമിട്ടു ഈ കൊച്ചുമിടുക്കി. കടുവയുടെ കഴുത്തിലൊരു ബെൽറ്റും കെട്ടി ഇരുവരും ഒന്നിച്ച് നടക്കാനും പോകാറുണ്ട്.

ഹുനിയ്ക്ക് മുൻപേ പിറന്ന രണ്ട് കുട്ടികളെ അതിന്റെ അമ്മ തന്നെ അബദ്ധത്തിൽ ചവിട്ടിക്കൊന്നിരുന്നു. ഈ സാഹചര്യത്തിൽ മൃഗശാല അധികൃതർ ഹുനിയയെ മാറ്റിയാണ് താമസിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook