പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ ആദ്യ വിഡിയോ ഗാനമെത്തി. ഇടിയും വെടിയും മാത്രമല്ല കുട്ടികളുടെ ആഘോഷവും കുസൃതികളുമുണ്ട് ഗ്രേറ്റ് ഫാദറിൽ എന്ന് തെളിയിക്കുകയാണ് ഈ ഗാനം. കോ കോ കോഴി എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനിഘയാണ് പാട്ടിലുടനീളം നിറഞ്ഞു നിൽക്കുന്നത്. എന്നാൽ കിടിലൻ ലുക്കിൽ മമ്മൂട്ടിയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയ്‌ക്ക് കൂട്ടായി സ്‌നേഹയുമുണ്ട്.

ഈ ഗാനത്തോടെ രണ്ട് പുതിയ കുഞ്ഞു ഗായകരെ കൂടി സിനിമാ ലോകത്തിന് ലഭിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്തിന്റെ മക്കളായ നക്ഷത്രയും പ്രാർത്ഥനയും. ഇരുവരുമാണ് കോ കോ കോഴി പാട്ട് പാടിയിരിക്കുന്നത്. ഇരുവരും ആദ്യമായാണ് ഒരു സിനിമയ്‌ക്ക് വേണ്ടി പാടുന്നത്. ഗാനത്തിന്റെ വരികളെഴുതിയത് ഹരി നാരായണനാണ്. സംഗീതം നൽകിയതാകട്ടെ ഗോപി സുന്ദറും.

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ആരാധകർ കാത്തിരിക്കുകയാണ് ഡേവിഡ് നൈനാനായുളള മമ്മൂട്ടിയുടെ വരവിനായി. ചിത്രത്തിന്റെ ടീസർ വൻ ചലനമാണ് ആരാധകർക്കിടയിൽ സൃഷ്‌ടിച്ചത്.
ഈ വർഷം ഏവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി ചിത്രം ഗ്രെയിറ്റ് ഫാദർ എന്ന കാര്യത്തിൽ സംശയമില്ല.

the great father,mammootty

തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുളള​ ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. സ്‌നേഹയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തുറുപ്പു ഗുലാൻ, വന്ദേ മാതരം എന്നീ ചിത്രങ്ങൾക്കു ശേഷം സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആര്യ, ഷാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേതു തന്നെയാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

നേരത്തെ ആര്യയുടെ ലുക്കും ഗ്രേറ്റ് ഫാദർ ടീം പുറത്ത് വിട്ടിരുന്നു. ആൻഡ്രൂസ് ഈപ്പനായാണ് ആര്യ എത്തുന്നത്. നല്ല കട്ട കലിപ്പിൽ നടന്നു വരുന്ന ആര്യയുടെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ആൻഡ്രൂസ് ഈപ്പനെന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആര്യ ചിത്രത്തിലെത്തുന്നത്.

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ്. കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിങ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ