വൻ പ്രതീക്ഷയോടെയാണ് മലയാളക്കര മമ്മൂട്ടിയുടെ ഡേവിഡ് നൈനാന്റെ വരവിനെ കാത്തിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദറെന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് ഡേവിഡ് നൈനാൻ. ചിത്രം പ്രഖ്യാപിച്ചത് മുതൽ വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം പുറത്തിറങ്ങിയിരുന്നു. എന്നാൽ ട്രെയിലർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ദി ഗ്രേറ്റ് ഫാദറിന്റെ ഒരു സാങ്കൽപിക ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. ദി ഗ്രേറ്റ് ഫാദർ ടീം ഇതുവരെ പുറത്തിറക്കിയ ഗാനത്തിലെയും ടീസറുകളിലെയും മോഷൻ പോസ്റ്ററുകളിലെയും വിവിധ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. നിഹാൽ നിസാറാണ് ഈ ട്രെയിലറിന്റെ ക്രിയേറ്റീവ് ഹെഡ്. ശബ്‌ദ മിശ്രണം ചെയ്തിരിക്കുന്നത് ചരൺ വിനായികാണ്. ആന്റണി ജിജിൻ എ ജെയാണ് ഈ ട്രെയിലറിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലിപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നതും ഈ ട്രെയിലറാണ്.

ദി ഗ്രേറ്റ് ഫാദറിന്റെ ഇറങ്ങിയ ടീസറുകളെല്ലാം പ്രതീക്ഷ വാനോളമുയർത്തുന്നതായിരുന്നു. ഡേവിഡ് നൈനാനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുളള ടീസറിന് വൻ വരവേൽപാണ് ലഭിച്ചത്. സിഗരറ്റും വലിച്ച് നടന്നു വരുന്ന മമ്മൂട്ടിയുടെ മാസ് ലുക്കായിരുന്നു ടീസറിന്റെ ഹൈലൈറ്റ്. താടിയെല്ലാം വെച്ച് കിടിലൻ ലുക്കിലാണ് ഡേവിഡ് നൈനാൻ എത്തുന്നത്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഹനീഫ് അദേനിയുടേത് തന്നെ.

ആൻഡ്രൂസ് ഈപ്പനെന്ന ആര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുളള ടീസറും നേരത്തെ എത്തിയിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ആര്യ ചിത്രത്തിലെത്തുന്നത്.

സ്‌നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. വന്ദേ മാതരം, തുറുപ്പുഗുലാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഫാദർ. ബേബി അനിഘയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായെത്തുന്നത്. ചിത്രത്തിലെ ഒരു ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗോപി സുന്ദറാണ് ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്.

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരാണ്. മാർച്ച് 30ന് ദി ഗ്രേറ്റ് ഫാദർ തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ