ഏഴ് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. 2013ൽ പുറത്തിറങ്ങിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.

ഒരു മിനിറ്റ് 16 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിലെ മണിച്ചിത്രത്താഴ് റഫറൻസ് തന്നെയാകും പ്രേക്ഷകരെ ഏറ്റവുമധികം ആകർഷിക്കുക. ഒരു നല്ല കുടുംബ ചിത്രമാകും ‘വരനെ ആവശ്യമുണ്ട്’ എന്നാണ് ടീസർ നൽകുന്ന സൂചന.

Read More: തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഇടവേളയ്ക്ക് ശേഷം ശോഭന വെള്ളിത്തിരയിൽ

ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്. ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഫൺ ഫാമിലി എന്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.

മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുൽഖറിന്റെയും അടക്കമുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook