മുംബൈ: മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് ബോളിവുഡ് ഗായകൻ സോനു നിഗം വിവാദത്തിൽ പെട്ടിരിക്കെ ബാങ്ക് വിളിയെ പിന്തുണച്ച് പ്രിയങ്ക ചോപ്ര. ഭോപ്പാലില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ ബാങ്ക് വിളി കേള്‍ക്കാന്‍ കൊതി തോന്നുന്നതായി പ്രിയങ്ക പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഗംഗാജല്‍ 2വിന്റെ പ്രചരണത്തിനിടെയാണ് താരം ഇത്തരത്തില്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. “ചിത്രീകരണം കഴിഞ്ഞാല്‍ എല്ലാ ദിവസവും വൈകുന്നേരം ഹോട്ടലിന്റെ മട്ടുപാവില്‍ ചെന്നിരുന്ന് അക്ഷമയോടെ ബാങ്ക് വിളിക്ക് കാതോര്‍ത്ത് ഞാന്‍ നില്‍ക്കാറുണ്ട്. ഒരൊറ്റ ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്താതെ ബാങ്ക് വിളി കേള്‍ക്കാന്‍ കാത്തിരിക്കാറുണ്ട്. കാരണം ബാങ്ക് വിളിയില്‍ ദൈവീകമായൊരു സൗന്ദര്യം തനിക്ക് അനുഭവപ്പെടാറുണ്ടെന്നും” പ്രിയങ്ക പറഞ്ഞു.

“ഒന്നിന് പിറകെ ഒന്നായി ആറ് മസ്ജിദുകളില്‍ നിന്നുള്ള ബാങ്ക് വിളി എന്റെ കാതുകളിലേക്ക് സംഗീതസാന്ദ്രമായി ഒഴുകിയെത്താറുണ്ട്. ആ സമയങ്ങളില്‍ മറ്റൊന്നിനോടും സാമ്യപ്പെടുത്താന്‍ കഴിയാത്തത്രയും സമാധാനം എനിക്ക് ലഭിക്കാറുണ്ട്. പ്രത്യേകതയുള്ള എന്തോ ഒന്നിലേക്ക് ഈ നഗരം മുഴുവന്‍ അലിഞ്ഞുതാഴുന്നതു പോലെയാണ് അപ്പോള്‍ എനിക്ക് തോന്നാറുള്ളത്”, പ്രിയങ്ക പറഞ്ഞു.

എന്നാല്‍ സോനു നിഗത്തിന്റെ പ്രതികരണത്തിനും മുമ്പാണ് ബാങ്കിനെ കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍. എന്നാല്‍ ബോളിവുഡ് ഗായകന്‍ ബാങ്കിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രിയങ്കയുടെ വീഡിയോ പ്രചരിക്കുന്നത്.

വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സോനു നിഗം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും അദ്ദേഹം രണ്ടാം ട്വീറ്റില്‍ ചോദിച്ചു. മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നു.

ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും രംഗത്തെത്തി. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധങ്ങളായ മതങ്ങളെ പിന്തുടരുന്നവര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും ട്വിറ്റര്‍ ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതില്‍ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് മറ്റൊരു ഉപയോക്താവും ചോദിച്ചു. എന്നാല്‍ സോനു നിഗത്തെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നത് ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ