ചിമ്പു മൂന്ന് വേഷത്തിൽ അഭിനയിക്കുന്ന അഅഅ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തമിഴകം. പ്രേക്ഷകരുടെ ആകാംഷ കൂട്ടി കൊണ്ട് ചിത്രത്തിലെ ചിമ്പുവിന്റെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുളള ടീസർ പുറത്തിറങ്ങി. അറുപത് കാരനായ അശ്വിൻ താത്ത എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.അൻപാനവൻ അസരതവൻ അടങ്കാതവൻ എന്നാണ് അഅഅയുടെ പൂർണ രൂപം.

അറുപതുകാരനായി തകർത്തഭിനയിച്ചിിരിക്കുകയാണ് ചിമ്പു. പ്രായം വകവെക്കാതെ എന്തും ചെയ്യുന്ന കഥാപാത്രമാണ് അശ്വിൻ താത്ത. അറുപതാം വയസിൽ ഒറ്റയ്‌ക്ക് കാറുയർത്തുകയും അടിയുണ്ടാക്കുകയും പഞ്ച് ഡയലോഗടിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അശ്വിൻ താത്ത. അശ്വിൻ താത്തയെ പ്രേമിക്കുന്ന കഥാപാത്രമാണ് തമന്നയുടേത്. ചിമ്പു അഭിനയിച്ച ചില സിനിമകളെയും നയൻതാരയെയും കുറിച്ചെല്ലാം ടീസറിൽ പരാമർശമുണ്ട്. ചിമ്പുവിന്റെ അശ്വിൻ താത്ത എവിടെയൊക്കെയോ പടയപ്പയിലെ രജനീകാന്തിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ടീസർ കണ്ട ശേഷം രജനീകാന്ത് ഫോണിൽ വിളിച്ച് അഭിനന്ദിച്ചുവെന്ന് ചിമ്പു ട്വിറ്റ് ചെയ്‌തിട്ടുണ്ട്.

ചിമ്പു, തമന്ന, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റ് ചിമ്പുവിന്റെ ട്രിപ്പിൾ റോൾ തന്നെയാണ്. ഇതു വരെ കാണാത്ത വേഷത്തിലും ഭാവത്തിലുമാണ് ചിമ്പുവെത്തുന്നത്. നേരത്തെ മധുര മൈക്കൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുളള ടീസറും പുറത്തിറങ്ങിയിരുന്നു.

ആദിക്ക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. ഗ്ളോബൽ ഇൻഫോടെയ്‌ൻമെന്റിന്റെ ബാനറിൽ എസ്. മൈക്കൾ രായപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ