മുംബൈയിൽനിന്നുളള വി അൺബീറ്റബിൾ ഡാൻസ് സംഘത്തിന്റെ കിടിലൻ പെർഫോമൻസിനുപിന്നാലെ അമേരിക്ക ഗോട് ടാലന്റിലെ വിധികർത്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് സിഖ് സംഘം. ബിർ ഖൽസ ഗ്രൂപ്പിന്റെ പ്രകടനം കണ്ട വിധികർത്താക്കൾക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല. ശ്വാസം അടക്കി പിടിച്ചാണ് വിധികർത്താക്കൾ സിഖ് സംഘത്തിന്റെ പ്രകടനം കണ്ടിരുന്നത്.

ഒരാൾക്കു ചുറ്റും വച്ചിരുന്ന തേങ്ങയും തണ്ണിമത്തനും മറ്റൊരാൾ വലിയൊരു ചുറ്റിക ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുന്ന പ്രകടനമാണ് നടന്നത്. കണ്ണു മൂടിക്കെട്ടിയശേഷമായിരുന്നു കവൽജിത് സിങ് എന്നയാൾ ജഗ്‌ദീപ് സിങ്ങിനു ചുറ്റും വച്ചിരുന്ന തേങ്ങയും തണ്ണിമത്തനും അടിച്ചുപൊട്ടിച്ചത്. പ്രകടനം പുരോഗമിക്കവേ വിധികർത്താക്കളിൽ ചിലർ ഭയംമൂലം കണ്ണുപൊത്തി. കലാപ്രകടനം പൂർത്തിയായപ്പോൾ കാണികൾ നിറഞ്ഞ കൈയ്യടിയാണ് നൽകിയത്.

ഇതിനു മുൻപും നിരവധി ടാലന്റ് ഷോകളിൽ പങ്കെടുത്ത് കൈയ്യടി വാങ്ങിയിട്ടുണ്ട് ഈ സംഘം. കണ്ണു മൂടിക്കെട്ടി ഒരാൾക്കു ചുറ്റും നിരത്തിവച്ചിരുന്ന തേങ്ങകൾ ഏറ്റവും കൂടുതൽ അടിച്ചുപൊട്ടിച്ചതിന്റെ ഗിന്നസ് റെക്കോർഡും ഇവരുടെ പേരിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook