ദക്ഷിണാഫ്രിക്കയിലെ ബോഡിബിൽഡിങ് ചാമ്പ്യൻ കാണികൾ നോക്കിനിൽക്കവെ മലക്കംമറിയുന്നതിനിടെ തലകുത്തിവീണ് മരിച്ചു. പിന്നോട്ട് മലക്കം മറിയാനുള്ള ശ്രമമാണ് 23-കാരനായ സിഫിസോ ലുംഗെലോ തബാറ്റെയുടെ മരണത്തിലേക്ക് നയിച്ചത്. കഴുത്തൊടിഞ്ഞാണ് സിഫിസോ തൽക്ഷണം മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

ശനിയാഴ്ചയാണ് സംഭവം. തലകുത്തിവീണ സിഫിയോയുടെ അടുത്തേക്ക് സംഘാടകരും മറ്റും ഓടിയെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. വീഴ്ചയുടെ ആഘാതത്തിൽത്തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ വിലയിരുത്തൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിലുടെ പ്രചരിക്കുകയാണിപ്പോൾ. ക്വാസുലു നാറ്റലിലെ ഉംലാസിയിൽനിന്നുള്ള സിഫിസോ 75 കിലോ വിഭാഗത്തിലെ മുൻ ലോക ജൂനിയർ ചാമ്പ്യൻകൂടിയാണ്.

Source: Daily Mail

പിന്നോട്ടുള്ള മലക്കംമറിയൽ സിഫിസോ എപ്പോഴും ചെയ്യാറുള്ളതാണെന്ന് ബോഡി ബിൽഡിങ് സൗത്ത് ആഫ്രിക്കയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. അത് കാണികളെയും ആവേശം കൊള്ളിക്കാറുണ്ട്. സാധാരണ നഗ്നപാദനായാണ് ഇത്തരം പ്രകടനങ്ങൾ ചെയ്യുന്നത്. ഇക്കുറി സോക്‌സ് അണിഞ്ഞിരുന്നു. ചാട്ടത്തിനിടെ കാൽവഴുതിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് വെയ്ൻ പ്രൈസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ