ഷെയ്ന്‍ നിഗം എന്ന പേരിനോട് മലയാളി പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ട്. ഷാജി എന്‍.കരുണ്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്നു എന്നു കേള്‍ക്കുമ്പോള്‍ ആ പ്രതീക്ഷ കൂടും. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്’ (അവള്‍) എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ എസ്തറാണ് നായികയാകുന്നത്.

ഫാന്റസി ഡ്രാമയാണ് ചിത്രമെന്നതാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു ചിത്രകാരനായാണ് ഷെയ്ന്‍ നിഗം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. രാത്രികളില്‍ പുഴയിലൂടെ തോണി തുഴഞ്ഞു പോകുന്ന ഇയാളോട് മുത്തശ്ശി പറയുന്നുണ്ട് ‘ഓളെപ്പളാ പൊന്തിവര്വാന്ന് ആര്‍ക്കാ പറയാന്‍ പറ്റ്വാ’ എന്ന്.

മായ എന്നാണ് എസ്തര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പേരു പോലെ തന്നെ ഒരു തരം മിസ്റ്ററി നിറഞ്ഞ കഥാപാത്രമാണ് ഇതെന്ന് മനസിലാക്കാം. ചിത്രത്തില്‍ കനി കുസൃതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി എന്‍.കരുണ്‍ ഒരു ചിത്രവുമായി എത്തുന്നത്. ജയറാം നായകനായി 2013ല്‍ പുറത്തിറങ്ങിയ ‘സ്വാപാന’മാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തുവന്ന ചിത്രം. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് ‘ഓള്’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ