മോസ്കോവ്: 2018ലെ ഫിഫ ലോകകപ്പിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്ത്. സോവിയറ്റ് റഷ്യയിലെ അന്താരാഷ്ട്ര താരവും ലോകത്തെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളുമായ ലെവ് യാഷിനാണ് പോസ്റ്ററില്‍ ഇടംപിടിച്ചിരിക്കുന്നത്. ബുധനാഴ്ച്ചയാണ് ഫിഫ സോവിയറ്റ് പരസ്യങ്ങളെയും പോസ്റ്ററുകളും ഓര്‍മിപ്പിക്കുന്ന പോസ്റ്റര്‍ അനാചാദനം ചെയ്തത്.

2018 ജൂണില്‍ റഷ്യയിലാണ് 21ാമത് ഫിഫ ലോകകപ്പ് അരങ്ങേറുക. ജൂണ്‍ 14ാം തീയ്യതി ആരംഭിക്കുന്ന ലോകകപ്പ് ഫൈനല്‍ ജൂലൈ 15 നാണ് അവസാനിക്കുക. ലെവ് യാഷിനെ കാണിക്കുന്ന പോസ്റ്ററിനൊപ്പം ഒരു വീഡിയോ പോസ്റ്ററും ഫിഫ റിലീസ് ചെയ്തിട്ടുണ്ട്. ലോകത്തിന് റഷ്യയുടെ സംഭാവനയായ സ്പുട്നികും യൂറി ഗഗാരിനും ഫുട്ബാള്‍ ഇതിഹാസം മറഡോണയുമൊക്കെ വീഡിയോ പോസ്റ്ററിന്‍റെ ഭാഗമാകുന്നുണ്ട്. ലോകകപ്പ് ഫുട്ബാളിന്‍റെ ചരിത്ര തുടിപ്പുകള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് വീഡിയോ പോസ്റ്റര്‍.

ആരാണ് ലെവ് യാഷിന്‍ ?

തല മുതല്‍ കാല്‍ വരെ കറുപ്പ് നിറം അണിഞ്ഞതിനാല്‍ ‘ബ്ലാക് സ്പൈഡര്‍’ എന്ന വിളിപ്പേരു ലഭിച്ച ലെവ് യാഷിന്‍ നീണ്ട പതിനാല് വര്‍ഷമാണ്‌ യുഎസ്എസ്ആറിന്‍റെ വല കാത്തത്. 14 വര്‍ഷം 74 കളികളിലായി ഒരൊറ്റ ഗോള്‍ പോലും അനുവാദിക്കാതിരുന്നു എന്നതാണ് യാഷിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി അടയാളപ്പെടുത്തുന്നത്. 812 പ്രൊഫഷണല്‍ കളികളില്‍ 270 ക്ലീന്‍ ചീട്ടുകള്‍ ഉള്ള യാഷിന്‍ 150 പെനാല്‍റ്റികളും തടുത്തിട്ടുണ്ട്. ഇന്നും തകര്‍ക്കപ്പെടാത്ത റിക്കോഡ്‌ ആണിത്. പ്രൊഫഷണല്‍ ക്ലബ് ഫുട്ബാള്‍ കരിയര്‍ ഉടനീളം (326 കളികള്‍) ഡയനാമോ മോസ്കോയുടെ ജേഴ്സിയണിഞ്ഞ യാഷിന്‍റെ പേരിലാണ് ഇന്ന്‍ ക്ലബ്ബിന്‍റെ സ്റ്റേഡിയം അറിയപ്പെടുന്നത്.

ഏറ്റവും മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുള്ള ഒരേയൊരു ഗോള്‍കീപ്പര്‍ ‘ബ്ലാക് സ്പൈഡര്‍’ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ്. 1958 മുതല്‍ 1970 വരെയുള്ള ലോകകപ്പിലെല്ലാം സോവിയറ്റ് വല കാത്തത് യാഷിനാണ്. സോവിയറ്റ് ഫുട്ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയും യാഷിന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook