വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പേടി സ്വപ്നമാണ്. പലപ്പോഴും പുലിയിറങ്ങിയെന്നും കാട്ടാന ഇറങ്ങിയെന്നുമുളള വാർത്ത കേരളത്തിൽനിന്നും കേൾക്കാറുമുണ്ട്. എന്നാലിതാ നേപ്പാളിലും വന്യമൃഗം ഇറങ്ങിയിരിക്കുകയാണ്. പക്ഷേ അവിടെ ഇറങ്ങിയത് പുലിയോ ആനയോ ഒന്നുമല്ല, ഒരു കാണ്ടാമൃഗമാണ്.

സുറാഹയിലെ തിരക്കേറിയ തെരുവിലെ റോഡിലൂടെ സ്റ്റൈലായി നടന്നുപോവുന്ന കാണ്ടാമൃഗത്തിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കാണ്ടാമൃഗത്തെ കണ്ട ജനങ്ങൾ കൗതുകത്തോടെ നോക്കുന്നതും ചിത്രങ്ങളെടുക്കുന്നതും വിഡിയോയിലുണ്ട്. കുറച്ചുപേർ കാണ്ടാമൃഗത്തിനു പിന്നാലെ നടക്കുന്നുമുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കാണ്ടാമൃഗം കാഴ്ചകൾ കണ്ട് നടന്നുപോവുകയാണ്.

സുറാഹയുടെ സമീപത്തുളള ചിത്‌വാൻ നാഷനൽ പാർക്കിൽനിന്നുളള കാണ്ടാമൃഗമാണിതെന്നാണ് കരുതുന്നത്. ആ സമയത്ത് അതുവഴി വന്ന അന്ന സിമൂസിക് എന്ന വിനോദസഞ്ചാരിയായ സ്ത്രീ ഇതു കാണാനിടയായി. അവർ ഇത് ഷൂട്ട് ചെയ്യുകയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ യാത്രയ്ക്കിടയിൽ ആനകൾ, കുരങ്ങുകൾ തുടങ്ങിയ വന്യ ജീവികളെ കണ്ടിട്ടുണ്ടെങ്കിലും ഒരു കാണ്ടാമൃഗം റോഡിലൂടെ നടന്നുപോകുന്നത് ആദ്യമായി കാണുകയാണെന്നും അന്ന പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ