കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുളള ടീസറെത്തി. അനു സിത്താരയാണ് ചിത്രത്തിൽ മാലിനിയായെത്തുന്നത്. മാലിനിയുടെ ലോകവും സ്വപ്‌നങ്ങളും പറയുന്ന ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. നാടൻ വേഷത്തിലാണ് മാലിനിയെ ടീസറിൽ കാണുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനു സിത്താര. രഞ്ജിത്ത് ശങ്കറാണ് രാമന്റെ ഏദൻതോട്ടം സംവിധാനം ചെയ്യുന്നത്.

രാമൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. റിസോർട്ട് നടത്തുന്ന രാമനും നഗരത്തിൽ നിന്ന് വരുന്ന മാലിനിയും കണ്ടുമുട്ടുന്നതും അതിനോടനുബന്ധിച്ചുളള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വയനാട്ടിലും കൊച്ചിയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോജു ജോർജ്, രമേഷ് പിഷാരടി, മുത്തുമണി, അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.

മധു നീലകണ്ഡനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകുന്നത്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഡ്രീംസ് എൻ ബിയോണ്ട് ആണ് ചിത്രത്തിന്റെ നിർമാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ