രജനീകാന്തിന്റെ ‘ദർബാർ’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. രജനിയുടെ മാസ് ഡയലോഗും ആക്ഷനും ഡാൻസും ഒത്തുചേർന്ന് ആരാധകർക്ക് രസിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആദിത്യ അരുണാസലം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി ചിത്രത്തിലെത്തുന്നത്. ദർബാറിൽ രജനി ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.

നയൻതാരയാണ് ദർബാറിലെ നായിക. ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. സുനിൽ ഷെട്ടി, യോഗി ബാബു, നിവേദ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read Also: നയൻതാരയ്ക്ക് ഒപ്പം പൊലീസ് യൂണിഫോമിൽ രജനികാന്ത്; ‘ദർബാർ’ ലൊക്കേഷൻ ചിത്രങ്ങൾ

എ.ആർ.മുരുഗദോസാണ് ദർബാറിന്റെ സംവിധായകൻ. ‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ് വിജയ്‌യുടെ ’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിർമിക്കുന്നത്. ചിത്രം ജനുവരി 10 ന് റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook