തിയേറ്ററുകളിൽ തകർത്തോടി കൊണ്ടിരിക്കുകയാണ് മമ്മൂട്ടി നായകനായെത്തിയ പുത്തൻപണം. പുത്തൻപണത്തിന്റെ ട്രെയിലറിലെ ഡയലോഗുകളും 2011ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പിയിലെ വിവിധ രംഗങ്ങളും കോർത്തിണക്കിയ ഒരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തകർത്തോടി കൊണ്ടിരിക്കുന്നത്. പുത്തൻപണം ട്രെയിലറിന്റെ പൃഥ്വിരാജ് വേർഷനാണ് പുറത്തിറക്കിയിരിക്കുന്നത്. പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായിയായി നമ്മുടെ രാജുവേട്ടൻ(പൃഥ്വിരാജ്) വന്നാലോയെന്ന് പറഞ്ഞാണ് പുത്തൻപണത്തിന്റെ ഈ റീമിക്‌സ് ട്രെയിലർ ഇറക്കിയിരിക്കുന്നത്. മൂവി ഗ്ളോബാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ തിലകൻ, ടിനി ടോം, ലാലു അല‌ക്‌സ് എന്നിവരെയും ട്രെയിലറിൽ കാണാം.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും നോട്ടിനായുളള നെട്ടോട്ടവും കള്ളപ്പണത്തിന്റെ കഥകളും സമകാലിക സംഭവങ്ങളുമാണ് പുത്തൻപണത്തിൽ പറയുന്നത്. രഞ്ജിത്താണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ. നിത്യാനന്ദ ഷേണായിയെന്ന കാസർഗോഡൻ ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി പുത്തൻ പണത്തിലെത്തിയത്.

2011ൽ പൃഥിരാജിനെ നായകനാക്കി രഞ്‌ജിത്ത് ഒരുക്കിയ ചിത്രമായിരുന്നു ഇന്ത്യൻ റുപ്പി. റിയൽ എസ്‌റ്റേറ്റ് രംഗവും കളളപ്പണവുമായിരുന്നു ഇന്ത്യൻ റുപ്പി ചർച്ച ചെയ്‌തത്. പൃഥ്വിരാജ്, തിലകൻ, ടിനി ടോം, ലാലു അലക്‌സ്, റിമ കല്ലിങ്കൽ എന്നിവരാണ് ഇന്ത്യൻ റുപ്പിയിലെ പ്രധാന താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ