മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് വീഡിയോ ഗാനമെത്തി. ‘ഇനിയെന്ന് കാണും ഞാന്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ശ്രാവണ്‍, ജേക്ക്‌സ് ബിജോയ്, നേഹ എസ്.നായര്‍ തുടങ്ങിയവരാണ്. ജേക്ക്‌സ് ബിജോയുടെതാണ് സംഗീതം.

മുംബൈ പൊലീസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

ശ്യാമപ്രസാദിന്റെ ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് ‘രണ’ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചിത്രം ‘ഇവിടെ’യില്‍ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായിരുന്ന, ‘മണ്‍സൂണ്‍ മാംഗോസി’ല്‍ ചീഫ് അസോസിയേറ്റായിരുന്ന ആളാണ് സംവിധായകന്‍ നിര്‍മല്‍ സഹദേവ്. ശ്യാമപ്രസാദിന്റെ പുതിയ ചിത്രം ഹേയ് ജൂഡിന് തിരക്കഥയൊരുക്കിയിരിക്കുന്നതും നിര്‍മലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook