ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ അതിഥി വേഷത്തിലെത്തുന്നു എന്നതിനാല്‍ തന്നെ തുടക്കം മുതലേ ശ്രദ്ധേയമാണ് ഈ ചിത്രം. എ.ആര്‍ റഹ്മാന്റെ സംഗീതത്തെ അനുസ്മരിപ്പിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. എ.എച്ച് കാഷിഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനും നകുല്‍ അഭയന്‍ങ്കറും ഹരിചരണ്‍ ശേഷാദ്രിയും ചേര്‍ന്നാണ്.

പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ.ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ 65ഓളം പുതുമുഖങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കൈകോര്‍ക്കുന്നു.

Read More: അതിഥി വേഷത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും; ‘പതിനെട്ടാം പടി’ ചിത്രീകരണം പൂർത്തിയായി

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യഭ്യാസ രംഗത്തെ കീഴ്വഴക്കങ്ങളെ കുറിച്ച് പുതിയ ദിശാബോധം നല്‍കാനാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിദ്യഭ്യാസം ക്ലാസ്സ് മുറികളില്‍ നിന്നല്ല, പുറത്തുള്ള സമൂഹത്തില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഏപ്രില്‍ 17 ന് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മുന്‍പ് ടൊവിനോ തോമസും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൊവിനോയുടെ റോളാണ് ഉണ്ണി മുകുന്ദനില്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.

Read More: മമ്മൂട്ടിയുടെ ‘പതിനെട്ടാം പടി’യിലെ ലുക്കിനു പിറകിൽ; ഡിസൈനർ പറയുന്നു

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ കെച്ച കെംബഡികയുടെ കീഴില്‍ ചിത്രത്തിലെ പുതുമുഖതാരങ്ങള്‍ക്ക് വേണ്ടി ആക്ഷന്‍ ക്യാമ്പും മുന്‍പ് സംഘടിപ്പിച്ചിരുന്നു. കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്‌സ്. എ ആര്‍ റഹ്മാന്റെ മരുമകനായ എ എച്ച് കാഷിഫ് ആണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

ഓഗസ്റ്റ് സിനിമയ്ക്ക് വേണ്ടി ഷാജി നടേശന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘പതിനട്ടാം പടി’. ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ‘കേരള കഫേ’യിലെ ഒരു ചിത്രത്തിനു പുറമെ ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘മൈ സ്റ്റോറി’ തുടങ്ങിയ സിനിമകളുടെ തിരക്കഥയും ശങ്കര്‍ രാമകൃഷ്ണന്റേതായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook