ഈ വർഷം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം പത്മാവതിയിലെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്ത്. ഗൂമർ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ദീപിക പദുക്കോണിന്റെ ഡാൻസാണ് ഗാനത്തിന്രെ ഹൈലൈറ്റ്. ശ്രേയ ഘോഷലും സ്വരൂപ് ഖാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ.എം.റ്റുറസിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സഞ്ജയ് ലീല ബൻസാലിയാണ്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീർ സിങ്ങിന്റേത്.

നേരത്തെ രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കർണി സേനാംഗങ്ങൾ പതാമവതിയുടെ ഷൂട്ടിങ് സെറ്റ് ആക്രമിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ജയ്‌പൂരിൽനിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിൽ പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളൊന്നും ചിത്രത്തിലില്ലെന്ന് അണിയറ പ്രവർത്തകർ വിശദീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook