കൊല്ലം: പതിവ് തെറ്റാതെ വാനരന്‍മാര്‍ക്ക് സമൃദ്ധമായ ഓണ സദ്യ നല്‍കി ശാസ്താംകോട്ട ക്ഷേത്രത്തില്‍ ഭക്തര്‍. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യതന്നെയാണ് വാനരക്കൂട്ടത്തിന് വിളന്പിയത്.

ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങിയിട്ട് 44 വര്‍ഷം കഴിഞ്ഞു. തൂശനിലയില്‍ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ കുരങ്ങന്മാര്‍ സദ്യയുണ്ട് തുടങ്ങി.

ക്ഷേത്ര കുരങ്ങന്മാരുടെ തലവന്‍ സായിപ്പിന്റെ വിയോഗത്തിനു ശേഷം നീലനും രാജുവും നേതൃനിരയിലേക്ക് ഉയര്‍ന്നെങ്കിലും സായിപ്പിന്റെ തലയെടുപ്പ് ഇരുവര്‍ക്കുമില്ല. അതേസമയം, ചന്തകുരങ്ങന്മാര്‍ ഒരിടകാലത്തിനു ശേഷം ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സായിപ്പ് ചന്തകുരങ്ങന്മാര്‍ക്ക് ഏര്‍പെടുത്തിയ ഭ്രഷ്ട് ഇപ്പോഴും തുടരുന്നതിനാല്‍ ഓണസദ്യക്ക് അവരെ ക്ഷേത്ര കുരങ്ങന്മാര്‍ അടുപിച്ചില്ല.

വയറു നിറയെ ചോറും കഴിച്ച് പാല്‍പായസവും കുടിച്ച ശേഷമായിരുന്നു വാനരന്‍മാര്‍ തിരികെ പോയത്. മുന്‍പ് ഉത്രാട ദിനത്തില്‍ മാത്രം നല്‍കിയിരുന്ന വാനരയുട്ട് ഇപ്പോള്‍ ഓണനാളുകളില്‍ മുഴുവനും നടത്തുന്നുണ്ട്.

കടപ്പാട്: കൈരളി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ